സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ അയല്‍വാസിയുടെ വീട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ചു. പുതിയ വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെയാണ് ഇലക്ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചത്. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍ – ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്.
ഇന്നലെ അയല്‍പക്കത്തെ വീട്ടില്‍ പുതിയ വാഷിംഗ് മെഷീന്‍ വാങ്ങിയിരുന്നു. ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രീഷ്യനായ ജിതിനെ വിളിക്കുകയായിരുന്നു. എന്നാൽ ജോലിക്കിടെ വീട്ടിലെ വയറിങില്‍ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു.
യുവാവ് വീണതോടെ വീട്ടിലുണ്ടായവര്‍ നിലവിളിച്ചു. ഓടിയെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയേഷ്, ജിനീഷ് എന്നിവരാണ് മരിച്ച ജിതിന്റെ സഹോദരങ്ങള്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

