നാളെയാണ് മോഹൻലാൽ നായകനാകുന്ന ആറാട്ട് തീയേറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇതിനിടെയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച നടന്‍ കോട്ടയം പ്രദീപിന്റെ വിയോഗ വാർത്ത എത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. മാത്രമല്ല രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങള്‍ ചോദിച്ച് വിളിച്ചിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍.
ബി ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ…
പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, “ആറാട്ടി”ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി”ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ” കഴിവുള്ള കലാകാരനായിരുന്നു”യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. “ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ

