കൊച്ചി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രാജിവെച്ചു. ദീർഘകാലമായി സംഘടനയുടെ തലപ്പത്ത് പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്റെ രാജി പ്രഖ്യാപിച്ചത്
രാജിപ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിൽ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. രാജിക്കത്ത് സമർപ്പിച്ചെങ്കിലും സംഘടന അത് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. കൊച്ചിയിൽ നടക്കുന്ന നിർണ്ണായക യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും നേരിട്ട് പങ്കെടുക്കുന്നുണ്ട്. പുതിയ നേതൃത്വം സംഘടനയുടെ തലപ്പത്തേക്ക് കടന്നുവരണമെന്നും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന പ്രധാന നിലപാട്.
ഫെഫ്ക രൂപവത്കരിച്ച കാലം മുതൽ സംഘടനയുടെ നയരൂപീകരണത്തിലും പ്രവർത്തനങ്ങളിലും ബി. ഉണ്ണികൃഷ്ണൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ദീർഘകാലമായി തുടരുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ബി. ഉണ്ണികൃഷ്ണന്റെ രാജി സംബന്ധിച്ച് ഫെഫ്ക ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടനയുടെ വരുംകാല പ്രവർത്തനങ്ങളെയും നേതൃനിരയെയും സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

