ദില്ലി: ശ്രീരാമന്‍ ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങളുടെ പൂര്‍വ്വികനായതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മതസ്പര്‍ദ്ദ പാടില്ലെന്ന് യോഗാഗുരു ബാബ രാംദേവ്. ഭ​ഗവാന്‍ ശ്രീരാമന്‍ ഹിന്ദു-മുസ്ലീം മതവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീങ്ങളുടേയും പൂര്‍വ്വികനാണ് ശ്രീരാമന്‍. അതിനാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം ഒരുങ്ങുന്നതില്‍ മതസ്പര്‍ദ്ദയുടെ ആവശ്യകതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് ​ന​ഗരത്തിലെ ശാന്ത്രം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച യോഗ ശിബിര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. രാമന്‍റെ ജന്മസ്ഥലമായ അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി ക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റുമോ? ശ്രീരാമന്‍റെ ജന്മസ്ഥലമാണ് അയോധ്യ എന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിങ്ങളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം. അതിനാല്‍ മതസ്പര്‍ദ്ദയില്ലാതെ തര്‍ക്കമില്ലാതെ ഭഗവാന്‍റെ ജന്മസ്ഥലമായ അയോധ്യയില്‍ തന്നെ രാമക്ഷേത്രം ഉയരണം.”- രാംദേവ് ഓര്‍മ്മിപ്പിച്ചു.

രാമക്ഷേത്രം രാഷ്ട്രത്തിന്‍റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.