Sunday, May 19, 2024
spot_img

ജീവൻ രക്ഷിച്ച സൈനികന് ചുംബനം നൽകി ബാബു; ജയ് ഇന്ത്യൻ ആർമി എന്ന് ആവേശത്തോടെ വിളിച്ച് സൈനികർ

മലമ്പുഴ: ജീവൻ രക്ഷിച്ച സൈനികന് ചുംബനം നൽകി ബാബു. 40 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ (Babu Rescue Operation) തന്നെ രക്ഷിക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും ബാബു നന്ദി പറഞ്ഞു. മലയിടുക്കിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് കോരിയെടുത്ത ഇന്ത്യൻ സൈനികൻ ബാലെയ്‌ക്ക് സ്‌നേഹ ചുംബനം നൽകിയായിരുന്നു ബാബു നന്ദി അറിയിച്ചത്. സൈന്യത്തിന് ജയ് വിളിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചുമായിരുന്നു ബാബുവിന്റെ സുഹൃത്തുക്കളും ചെറാട് നിവാസികളും സൈന്യത്തിനെയും മറ്റ് രക്ഷാ പ്രവർത്തകരെയും എതിരേറ്റത്. അതേ സമയം ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം. 40 മണിക്കൂറിലധികം നേരം വെള്ളമോ ഭക്ഷണമോ കഴിക്കാത്തതിന്റെ ക്ഷീണവും കാലിനേറ്റ മുറിവുമാണ് ഇപ്പോൾ ബാബുവിനെ അലട്ടുന്നത്.

ജലപാനമില്ലാതെ വെയിലും മഞ്ഞും സഹിച്ച് രണ്ട് പകലും രണ്ട് പകുതിയുമാണ് ബാബു മലയിടുക്കിൽ രക്ഷകർക്കായി കാത്തിരുന്നത്.ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടിയത്. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്നാണ് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് മലകയറിയത്.

മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു. തിങ്കളാഴ്‌ച്ച രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ലായിരുന്നു.

Related Articles

Latest Articles