Friday, May 17, 2024
spot_img

‘ബൈജു രവീന്ദ്രന് കമ്പനിയെ നയിക്കാന്‍ ഇനി കഴിയില്ല’; ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍

കണ്ണൂര്‍: ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ഇന്ന് ചേര്‍ന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകര്‍ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ബൈജൂസില്‍ ഫൊറന്‍സിക് ഓഡിറ്റ് അടക്കം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. റൈറ്റ്‌സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം നിലവിലെ ബൈജൂസ് ഉടമകളില്‍ നിന്ന് എടുത്ത് മാറ്റണം. നിലവിലെ ഡയറക്ടര്‍ ബോര്‍ഡിനെ മാറ്റി പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ ഉടന്‍ നിയമിക്കണമെന്നും എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ ബൈജു രവീന്ദ്രന്‍, സഹോദരന്‍ റിജു, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവര്‍ പങ്കെടുത്തിട്ടില്ല.

അതേസമയം, ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാല്‍ അറിയിക്കണമെന്ന് കാണിച്ച് ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതില്‍ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Related Articles

Latest Articles