Saturday, May 18, 2024
spot_img

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വേർപാടിലെ ദുരൂഹതയ്ക്ക് ഒരാണ്ട്

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. വയലിന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച്‌ സദസ്സിനെ ആവേശത്താലാഴ്ത്താന്‍ ബാലു ഇന്ന് ഇല്ലെങ്കിലും അദ്ദേഹം തീര്‍ത്ത സംഗീതം ഇന്നും നിലച്ചിട്ടില്ല. ആ ചിരിയും സംഗീതവും ഒരു നോവായി അവശേഷിക്കുകയാണ്.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മകള്‍ തേജസ്വിനിയുടെ ലോകത്തേക്ക് ബാലു മടങ്ങിയത്. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ സെപ്റ്റംബർ 25 ന് പുലർച്ചെ നാല് മണിയോടെ കഴക്കൂട്ടത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.

16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയെ അവസാനമായി കാണാന്‍ പോലും ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിയ്ക്കും കഴിഞ്ഞില്ല. ബാലു അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജീവനോളം സ്‌നേഹിച്ച സംഗീതത്തേയും ലക്ഷ്മിയേയും തനിച്ചാക്കി ബാലു മടങ്ങിയത്.

സംഗീതം മാത്രമല്ല അദ്ദേഹത്തിന്റെ മരണം ഉയര്‍ത്തിയ ദുരൂഹതകളും ഇന്നും അവസാനിച്ചിട്ടില്ല. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും കുടുംബം സംതൃപ്തരല്ലാത്തതിനാല്‍ അന്വേഷണം സിബിഐക്ക് കൈമാറാനും ആലോചനയുണ്ട്.

സിബിഐ അന്വേഷിക്കമെണ ആവശ്യം സർക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് അച്ഛൻ കെ സി ഉണ്ണി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോട് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രതിമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ഒരു വർഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്കറിന്റെ ബന്ധുക്കൾ തള്ളുകയാണ്. ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി നൽകിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്.

Related Articles

Latest Articles