തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരി ദേവേന്ദുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മാവനും അമ്മയ്ക്കും പങ്കുണ്ടെന്ന് സൂചന. ചോദ്യം ചെയ്യലിൽ വ്യക്തമായ സൂചനകൾ കിട്ടിയതായും സംശയം. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയത്. വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മാവനും പോലീസ് കസ്റ്റഡിയിലാണ്. ഒറ്റയ്ക്കിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. പുറത്തുനിന്ന് ആരെങ്കിലും എത്തി കുഞ്ഞിനെ കൊലപ്പെടുത്താനുള്ള സാധ്യത തള്ളുകയാണ് പോലീസ്. കുഞ്ഞിന് തനിയെ കിണറ്റിനടുത്തെത്തി അബദ്ധത്തിൽ വീഴാനുള്ള സാധ്യതയുമില്ല. കുടുംബത്തിലെ ഒരാൾക്ക് കൊലപാതവുമായി ബന്ധമുണ്ട് എന്ന നിഗമനത്തിലാണ് പോലീസ്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൂട്ട ആത്മഹത്യയുടെ ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ചായ്പ്പിൽ കയറുകൾ കെട്ടിയ നിലയിലായിരുന്നു. കുഞ്ഞിന്റെ അമ്മാവന്റെ മുറിയിൽ പുലർച്ചെ തീപിടിത്തവും ഉണ്ടായിരുന്നു. തുണികൾ കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് നിഗമനം. കുഞ്ഞ് മാതാപിതാക്കളോടൊപ്പമാണ് കിടന്നിരുന്നത് എന്നാണ് കുഞ്ഞിന്റെ അമ്മാവന്റെ മൊഴി. മൂത്ത കുട്ടിയുടെ മൊഴിയും അതുതന്നെയായിരുന്നു.
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി.

