Monday, April 29, 2024
spot_img

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവം; നിർണായക നീക്കവുമായി പൊലീസ്; ബാലിസ്റ്റിക് വിദഗ്ധനെ ഐ എൻ എസ് ദ്രോണാചാര്യയിൽ കൊണ്ടുപോയി പരിശോധിപ്പിക്കാൻ തീരുമാനം; രേഖകൾ ഹാജരാക്കാൻ നാവിക സേനക്ക് നിർദ്ദേശം

എറണാകുളം: ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. ബാലിസ്റ്റിക് വിദഗ്ധനെ ഐ എൻ എസ് ദ്രോണാചാര്യയിൽ കൊണ്ടുപോയി പരിശോധിപ്പിക്കാൻ നീക്കം. ഫയറിംങ് പരിശിലനം നടത്തിയതിന്‍റെ രേഖകൾ ഹാജരാക്കാനും നാവിക സേനയോട് പൊലീസ് ആവശ്യപ്പെട്ടു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തിൽ പരിശോധനയും നടത്തി.

നാവിക സേന പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടിൽ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നും കൊച്ചി നാവിക കമാൻഡ് ഔദ്യോഗികമായി നിലപാട് എടുത്തിരുന്നു.

മീൻപിടുത്തം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെയാണ് അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാന് കടലിൽ വച്ച് വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയാണിയാൾ. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു. വലത് കാതിലാണ് വെടിയേറ്റത്. ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു.
ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.

വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതിൽ ദുരൂഹതയേറിയത്. സെബാസ്റ്റ്യന്‍റെ പരിക്ക് ഗുരുതരമല്ല. കാതിൽ അഞ്ച് തുന്നലുകളുണ്ട്

Related Articles

Latest Articles