Sunday, May 5, 2024
spot_img

ഇന്ത്യയിൽ ജിഹാദി ആശയപ്രചരണം നടത്താൻ ബംഗ്ലാദേശ് ഭീകരസംഘടനയും:
എൻഐഎ രേഖകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !

ഇന്ത്യൻ യുവാക്കളിലേക്ക് ജിഹാദി ആശയങ്ങൾ കടത്തിവിടാനുള്ള ബംഗ്ലാദേശ് ഭീകരസംഘടനയുടെ പദ്ധതികളെ കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ ഐ എ. ബംഗ്ലാദേശ് ഭീകരൻ അലി അസ്ഗറിനും സംഘത്തിനുമെതിരെ നൽകിയ അനുബന്ധ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. അൽഖായിദ അടക്കമുള്ള അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശ് ആസ്ഥാനമാക്കിയ ഭീകര സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശിലെ അംഗമാണ് അലി അസ്ഗർ എന്ന അബ്ദുല്ല ബിഹാരി. ഇന്ത്യയിൽ ഭീകര പ്രവർത്തനം വ്യാപിപ്പിക്കാൻ യുവാക്കളെ ആഹ്വനം ചെയ്യുന്ന ലഘുലേഖകളും പുസ്തകങ്ങളും ഇയാൾ ഉറുദുവിൽ നിന്നും അറബിയിൽ നിന്നും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നതായി എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തെ മുസ്ലിം യുവാക്കളെ ലക്ഷ്യമിട്ടാണ് അസ്ഗർ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഭീകര പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു ദൗത്യം.

അൽഖായിദ അടക്കമുള്ള ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ ഭരണകൂടത്തിനെതിരെ അക്രമാസക്തമായ ജിഹാദിന് തയ്യാറെടുക്കാൻ ഇന്ത്യൻ മുസ്ലീങ്ങളെ സ്വാധീനിക്കാനും തീവ്രവത്കരിക്കാനും പ്രേരിപ്പിക്കാനും അസ്ഗർ തന്റെ കൂട്ടാളികളുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയതായും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചിരുന്നു . ‘ജനാധിപത്യം ഇസ്ലാം വിരുദ്ധമാണെന്നും ജനാധിപത്യം കാരണം ഇന്ത്യയിൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുന്നു’ എന്നിങ്ങനെയുള്ള തെറ്റായതും വികലവുമായ പ്രസംഗങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ അസംതൃപ്തി സൃഷ്ടിക്കുന്നതിൽ അലി അസ്ഗറിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.

മധ്യപ്രദേശിൽ രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിലെ ഐഷാബാഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഫാത്തിമ ബി മസ്ജിദിനടുത്തുള്ള നയാബ് ജഹാന്റെ വീട്ടിൽ ഫാസർ അലി, ജാഹിറുദ്ദീൻ അലി, ജെയിൻ-ഉൽ-അബ്ദിൻ, മുഹമ്മദ് അഖിൽ അഹമ്മദ് ഷെയ്ഖ് എന്നീ നാല് അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്നും ഇവർ ജെഎംബിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും സംഘടനയ്ക്ക് ഫണ്ട് സ്വരൂപിക്കുകയും ഇന്ത്യയ്ക്കെതിരെ ജിഹാദ് നടത്താൻ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിവരം ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയ ബംഗ്ലാദേശ് ഭീകരസംഘം വലയിലായത്.

Related Articles

Latest Articles