Saturday, May 18, 2024
spot_img

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപം ആസൂത്രിതം; ദേവിയുടെ കാൽക്കൽ ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവ്‌

ധാക്ക: ബംഗ്ലാദേശിൽ നടന്ന ഹിന്ദുവിരുദ്ധ കലാപം (Hindu Temple Attack In Bangladesh) ആസൂത്രിതമാണെന്ന് റിപ്പോർട്ട്. കലാപത്തിന്റെ കാരണക്കാരനെ കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ദേവിയുടെ കാൽക്കൽ ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവായ ഇഖ്ബാൽ ഹുസൈൻ എന്നയാളാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. 35കാരനായ ഇഖ്ബാൽ ഹുസൈൻ കൊമില്ലയിലെ സുജാനഗർ സ്വദേശിയാണ് ഇയാൾ. സംഭവത്തിൽ നാല് കേസുകളിലായി 41 പേരെയാണ് ബംഗ്ലാദേശ് സർക്കാർ ഇതുവരെ അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 13ന് ഹുസൈൻ ദുർഗാ ദേവീ പന്തലിൽ കടന്ന് ഖുറാൻ അവിടെ വയ്‌ക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് കൊമില്ല എസ്പി ഫാറൂഖ് അഹമ്മദ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. പന്തലിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് ഇയാളുടെ ചിത്രങ്ങൾ ലഭിച്ചത്. പള്ളിയിൽ നിന്ന് ഇയാൾ ഖുറാൻ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പന്തലിനുള്ളിൽ കടന്ന് ദേവീ വിഗ്രഹത്തിന് സമീപം ഇയാൾ ഖുറാൻ വയ്‌ക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഇതിന് ശേഷം ഇയാൾ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് സമീപത്തേക്കും പോകുന്നുണ്ട്. ദുർഗാദേവിയുടെ കാൽപ്പാദത്തിന് സമീപം ഖുറാൻ കണ്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക തീവ്രവാദികൾ രാജ്യത്തുടനീളം ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിട്ടത്.

രാജ്യത്തെ നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു. ദുർഗാപൂജയോട് അനുബന്ധിച്ച് നിർമ്മിച്ച പൂജാ പന്തലുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹിന്ദുക്കളുടെ വീടുകളും ഇസ്ലാമിക തീവ്രവാദികൾ അടിച്ച് നശിപ്പിച്ചിരുന്നു. ഇതോടെ മേഖലയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളെ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും ഇന്ത്യ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles