Monday, April 29, 2024
spot_img

ബംഗളൂരു സ്ഫോടനം ഡിജിറ്റൽ ടൈമർ ഉപയോഗിച്ച് നടത്തിയതാണെന്ന് കണ്ടെത്തൽ; സെലിബ്രിറ്റികളടക്കം വരാറുള്ള രാമേശ്വരം കഫെ ലക്‌ഷ്യം വച്ചതിന് പിന്നിലെന്ത് ? അന്വേഷണത്തിന് കർണ്ണാടക പോലീസിന്ററെ 8 ടീമുകൾ; എൻ ഐ എയും ഐ ബിയും രംഗത്ത്

ബംഗളൂരു: രാമേശ്വരം കഫെ സ്‌ഫോടനത്തിന് ഉപയോഗിച്ചത് തീവ്രത കുറഞ്ഞ ഐ ഇ ഡി ബോംബും ഡിജിറ്റൽ ടൈമറുമെന്ന് കണ്ടെത്തൽ. 30 വയസിനു മേൽ പ്രായമുള്ള ഒരാൾ കഫേയിലേക്ക് വരികയും ഒരു ചെറിയ ബാഗ് ഉപേക്ഷിച്ച് മടങ്ങിപ്പോകുകയും ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ ഭക്ഷണം ഓർഡർ ചെയ്‌തിരുന്നെങ്കിലും കഴിച്ചിരുന്നില്ല. ഒരു മണിക്കൂറിനുള്ളിൽ ബാഗിലെ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സെലിബ്രിറ്റികളടക്കം വന്നുപോകാറുള്ള പ്രസിദ്ധമായ റെസ്റ്റാറെന്റ് ഭീകരർ ലക്‌ഷ്യം വച്ചതെന്തിന് എന്നതിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. പ്രതിയുടെ മുഖം വ്യക്തമായ സ്ഥിതിക്ക് ഇയാളെ ഉടൻ പിടികൂടുമെന്നുതന്നെയാണ് പ്രതീക്ഷ.

ദക്ഷിണേന്ത്യയിൽ സജീവമായിട്ടുള്ള ചില ഐ എസ് മൊഡ്യൂളുകളാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് ഏജൻസികൾ സംശയിക്കുന്നു. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ പങ്കും അന്വേഷണ പരിധിയിലാണ്. അന്വേഷണത്തിനായി കർണ്ണാടക ക്രൈം ബ്രാഞ്ചിന്റെ 8 സംഘങ്ങളാണ് രംഗത്തുള്ളത്. കൂടാതെ എൻ ഐ എയും ഇന്റലിജൻസ് ബ്യുറോയും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ബോംബ് ഡിസ്പോസൽ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഫോടന സ്ഥലത്ത് പരിശോധന നടത്തി.

സ്‌ഫോടനത്തിൽ പത്തുപേർക്കാണ് പരിക്കേറ്റത്. എല്ലാവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. 10 സെക്കന്റിനുള്ളിൽ രണ്ടു സ്ഫോടനങ്ങൾ നടന്നതായി ഹോട്ടൽ ഉടമകൾ അറിയിച്ചു. പരിക്കേറ്റവർക്ക് എല്ലാ സഹായവും കർണ്ണാടക സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, കർണ്ണാടക ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട്, ബിജെപി നേതാവ് വിജയേന്ദ്ര യെദിയൂരപ്പ തുടങ്ങിയവർ വൈദേഹി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചിരുന്നു.

Related Articles

Latest Articles