Wednesday, May 15, 2024
spot_img

സിദ്ധാർഥന്റെ മരണം; ഒളിവിലായിരുന്ന മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ; പിടിക്കപ്പെട്ടത് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതിന് പിന്നാലെ

കൊല്ലം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളായ രണ്ടു പേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്.

സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ സിൻജോ ജോൺസൻ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ക്യാംപസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു.

കാശിനാഥൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെ പിടിലാകാനുള്ള നാല് പേർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.

കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്. സിദ്ധാർഥനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles