ദില്ലി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആഗോള സമ്പദ്‍വ്യവസ്ഥയിലുണ്ടായ സംഭവങ്ങൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ സിലിക്കൺവാലി ബാങ്കിന്റെയും യുഎസിലേയും യുറോപ്പിലേയും വിവിധ ബാങ്കുകളുടെ തകർച്ചയും മുൻനിർത്തിയാണ് ആർബിഐ ഗവർണറുടെ പ്രതികരണം.
ധനകാര്യ മേഖലയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ ജാഗ്രത പുലർത്താൻ ധനകാര്യ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിന്റെ സുസ്ഥിരമായ വികസനത്തിന് എല്ലാ പിന്തുണയും ആർബിഐ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

