Monday, September 28, 2026

17 മാസങ്ങൾക്ക് ശേഷം BARC റേറ്റിങ് തിരിച്ചെത്തുന്നു: ടെലിവിഷൻ മാധ്യമ സ്ഥാപനങ്ങൾ ആശങ്കയിൽ

ഏകദേശം 32000 കോടി രൂപയുടെ പരസ്യ ഇടപാടുകളാണ് ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത്. ചാനലുകളുടെ ജനപ്രിയതയും വ്യൂവർഷിപ്പും എല്ലാമറിയുന്നതിന് സഹായകമായ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് ചാനലുകൾക്കും പരസ്യ ഏജൻസികൾക്കും നൽകുന്ന സ്ഥാപനമാണ് ബ്രോഡ്‌കാസ്റ് ഓഡിയൻസ് റീസേർച്ച് കൌൺസിൽ എന്ന ബാർക്ക്. ബാർക്ക് റേറ്റിങ് അടിസ്ഥാനമാക്കി ഓരോ വാർത്താ ചാനലുകളുടെ സ്ഥാനമെന്തെന്ന് പ്രേക്ഷക സ്വീകാര്യത എന്തെന്ന് അറിയാമായിരുന്നു. ചാനലുകളുടെ വരുമാനം നിശ്ചയിക്കുന്നതിനും പരസ്യ ഏജൻസികൾക്ക് ചാനലുകൾ തെരെഞ്ഞെടുക്കുന്നതിനും ഏറെ സഹായകമായ വിവരങ്ങളാണ് ബാർക്ക് നല്കിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ 17 മാസങ്ങളായി ബാർക്ക് അതിന്റെ റേറ്റിങ് നടത്തിയിരുന്നില്ല. മികച്ച റേറ്റിങ്ങിനായി ചില ചാനലുകൾ ബാർക്കിന്റെ ഉദ്യോഗസ്ഥർക്ക് പണം നല്കിയിരുന്നതായുള്ള ആരോപണം വന്നിരുന്നു. ഏറെ വിവാദം സൃഷ്ടിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്തതോടെ ബാർക്ക് അതിന്റെ റേറ്റിങ് നിർത്തിവക്കുകയായിരുന്നു.

എന്നാൽ മാർച്ച് പകുതിയോടെ ചാനലുകൾക്ക് റേറ്റിങ് നൽകുന്നത് ബാർക്ക് പുനരാരംഭിക്കും എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 600 ലധികം ചാനലുകളുടെ വിവരങ്ങളാണ് ബാർക്ക് റേറ്റിങ് നൽകുന്നതിനായി അപഗ്രഥിക്കുന്നത്. വലിയൊരു ഡാറ്റ പ്രോസസിങാണ്‌ ഇതിനായി ബർക്ക് നടത്തുക. എന്നാൽ ബാർക്ക് റേറ്റിങ് തിരിച്ചു വരുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ആശങ്കയിലാണ്. കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മറ്റ് വാർത്താ ചാനലുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിരുന്നു. മാതൃഭൂമിയും മനോരമയുമെല്ലാം പുറകിലുണ്ടായിരുന്നു. 24 എന്ന ചാനലിന്റെ വരവോടെ വാർത്താ മാധ്യമ മേഖല ഒന്നായി മാറി. ഏഷ്യാനെറ്റിൻറെ ഒന്നാം സ്ഥാനത്തിന് പലപ്പോഴും 24 ഭീഷണിയായിരുന്നു. ശബരിമല വിവാദ സമയത്തൊക്കെ ജനം ചാനൽ മറ്റ് വാർത്താ ചാനലുകളെ പിന്തള്ളിയതും നമ്മൾ കണ്ടു. ബാർക്ക് റേറ്റിങ് ഇല്ലാതിരുന്ന കഴിഞ്ഞ 17 മാസങ്ങളിൽ കേരളത്തിലെ ടെലിവിഷൻ മാധ്യമ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കോവിടും ലോക്ക്ഡൗണും ചാനലുകളുടെ പരസ്യ വരുമാനത്തെ വല്ലാതെ ബാധിച്ചിരുന്നു. പരസ്യം ലഭിക്കാത്ത അവസ്ഥ എല്ലാ മാധ്യമങ്ങളും നേരിട്ടു. വരുമാനത്തിലും ലാഭത്തിലുമെല്ലാം വലിയ കുറവുണ്ടായി. ഇതെല്ലാം നമ്മുടെ വാർത്താ ചാനലുകളുടെ കണ്ടെന്റ് നെയും തീർച്ചയായും ഈ വരുമാന പ്രതിസന്ധി ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ 17 മാസങ്ങൾക്ക് ശേഷം ബാർക്ക് റേറ്റിങ് തിരിച്ചുവരുമ്പോൾ കേരളത്തിലെ എല്ലാ ടെലിവിഷൻ വാർത്താ മാധ്യമങ്ങളും ആശങ്കയിലാണ്. ഒന്നാം സ്ഥാനക്കാർക്ക് അത് നില നിർത്താനാകുമോ ? ഓരോരുത്തരുടെയും ഇപ്പോഴത്തെ നിലയെന്താണ് എന്നിങ്ങനെ നിരവധി ആശങ്കകൾ ഇപ്പോൾ ഈ മാധ്യമങ്ങൾക്കുണ്ട്.

Related Articles

Latest Articles