ബാഴ്‌സലോണ: അര്‍ജന്റീന ഫുട്‌ബോള്‍ (Foot Ball) താരം സെര്‍ജിയോ അഗ്യുറോ (Retirement) വിരമിച്ചു. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു.
“പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കുന്ന കാര്യം പറയാനാണ് ഈ വാര്‍ത്താസമ്മേളനം. വളരെ ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണിത്. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത്. വളരെ മികച്ചൊരു മെഡിക്കല്‍ സംഘത്തിനൊപ്പമാണ് ഞാന്‍,” അഗ്യൂറോ പറഞ്ഞു.
ഒക്ടോബര്‍ 30 ന് സ്പാനിഷ് ലാ ലിഗയില്‍ അലാവസിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കേണ്ടി വന്നതും. ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലെത്തിയ അഗ്യൂറോയ്ക്ക് ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്. അതും വെറും 165 മിനിറ്റുകള്‍ മാത്രമാണ് താരം മൈതാനത്ത് ചിലവഴിച്ചത്.

