Monday, April 29, 2024
spot_img

പടിക്കൽ കലമുടച്ച് ബൊറൂസ്സിയ ഡോര്‍ട്മുണ്ട്; ബുണ്ടസ് ലിഗയിൽ ബയേണ്‍ മ്യൂണിക്കിന് കിരീടം

മ്യൂണിക്ക് : സീസണിലെ അവസാന മത്സരത്തിൽ വഴങ്ങിയ അപ്രതീക്ഷിത സമനിലയിലൂടെ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ കിരീട സ്വപ്‌നം പൊലിഞ്ഞു. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ 10 വര്‍ഷത്തിനു ശേഷം ആദ്യ ബുണ്ടസ് ലിഗ കിരീടം എന്ന സ്വപ്നം ഡോര്‍ട്മുണ്ടിന് നേടിയെടുക്കാമായിരുന്നു. അവസാന മത്സരത്തിലെ ജയത്തോടെ ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായ 11-ാം സീസണിലും ബുണ്ടസ് ലിഗ കിരീടമുയര്‍ത്തി. ലീഗില്‍ 34 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമിനും 71 പോയന്റായിരുന്നു എന്നാല്‍ ഗോള്‍ ശരാശരിയിൽ മുന്നിലെത്തിയതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. ചരിത്രത്തിലെ ബയേണിന്റെ 33-ാം ബുണ്ടസ് ലിഗ കിരീടമാണിത്.

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ മെയ്ന്‍സിനെതിരായ മത്സരം സമനിലയിലെത്താക്കാനേ (2-2) ഡോര്‍ട്മുണ്‍ഡിന് സാധിച്ചുള്ളൂ. മറുവശത്ത് എഫ്.സി. കോളെനെതിരായ മത്സരം ജയിച്ച് (2-1) ബയേണ്‍ കിരീടമുയര്‍ത്തുകയായിരുന്നു.

സ്വന്തം മെയ്ന്‍സിനെതിരായ അവസാന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഡോര്‍ട്ട്മുണ്ടിന് പിഴച്ചു. 15-ാം മിനിറ്റില്‍ തന്നെ ആന്ദ്രേസ് ഹാന്‍കെ ഓള്‍സനിലൂടെ മെയ്ന്‍സ് മുന്നിലെത്തി. എന്നാല്‍ 19-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ മത്സരത്തിലേക്ക് തിരികെവരാനുള്ള അവസരം ഡോർട്ട്മുണ്ടിന് ലഭിച്ചിരുന്നു. എന്നാൽ കിക്കെടുത്ത സെബാസ്റ്റ്യന്‍ ഹാളറിന് പിഴച്ചു. പിന്നാലെ 24-ാം മിനിറ്റില്‍ കരിം ഒനിസിവോയും വലകുലുക്കിയതോടെ ഡോര്‍ട്ട്മുണ്ട് രണ്ട് ഗോളിന് പിന്നില്‍.

രണ്ടാം പകുതിയില്‍ 69-ാം മിനിറ്റില്‍ റാഫേല്‍ ഗുരെയ്‌റോയിലൂടെ ഡോർട്ട്മുണ്ട് ആദ്യ ഗോള്‍ വലയിലെത്തിച്ചു. പിന്നീട് ഇന്‍ജുറി ടൈമില്‍ ഡോര്‍ട്ട്മുണ്‍ഡ് വലകുലുക്കിയെങ്കിലും അത് ഓഫ് സൈഡ് കെണിയിൽ കുരുങ്ങി . ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ നിക്ലാസ് സുലെ പന്ത് വലയിലെത്തിച്ച് മത്സരം സമനിലയിലാക്കിയെങ്കിലും ഏറെ വൈകിയിരുന്നു.

മറുവശത്ത് എഫ്.സി. കോളെനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ കിങ്സ്ലി കോമാനിലൂടെ ബയേണ്‍ മുന്നിലെത്തി. പിന്നീട് ഇരു ഭാഗത്തുനിന്നും കാര്യമായ മുന്നേറ്റങ്ങളില്ലാതെ നീങ്ങിയ മത്സരത്തിന്റെ 81-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദെയന്‍ യുബിച്ചിച്ച് കോളെന് സമനില സമ്മാനിച്ചു. എന്നാല്‍ കിരീടം നേടാന്‍ ജയം ലക്ഷ്യമാക്കി ഇറങ്ങിയ ബയേണ്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു. ഒടുവില്‍ 89-ാം മിനിറ്റില്‍ ജമാല്‍ മുസിയാല ബയേണിന്റെ കിരീടമുറപ്പിച്ച ഗോള്‍ നേടി

Related Articles

Latest Articles