Friday, May 17, 2024
spot_img

“കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി ഇനി വേണ്ട”: ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാർക്ക് കർശന നിർദേശവുമായി പ്രധാനമന്ത്രി

ദില്ലി : എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മറ്റുള്ളവര്‍ക്കു മാതൃക നല്‍കുന്നവരാകണമെന്നും വൈകി ഓഫിസിലെത്തുന്നതും വീട്ടിലിരുന്നു ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നും മന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് സെഷന്‍ കൂടുന്ന 40 ദിവസങ്ങളില്‍ ദില്ലിക്ക് പുറത്തുള്ള ഒരു പരിപാടിയും ഏറ്റെടുക്കരുതെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ പിന്തുടര്‍ന്ന ശീലം ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രാവിലെ കൃത്യസമയത്ത് എത്താറുണ്ടായിരുന്ന തനിക്ക് ആ കൃത്യനിഷ്ഠയിലൂടെ അന്നന്നത്തെ ജോലികള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിമാരായി നിയോഗിക്കപ്പെട്ടുവെന്നതുകൊണ്ട് എംപിമാരെക്കാള്‍ വളരെ മുകളിലാണെന്ന് കരുതരുതെന്ന ഉപദേശവും അദ്ദേഹം നല്‍കി. തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച്‌ വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചു. അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജന്‍ഡ രൂപീകരിക്കാനും എല്ലാ മന്ത്രിമാര്‍ക്കും മോദി നിര്‍ദേശം നല്‍കി.

Related Articles

Latest Articles