Friday, May 10, 2024
spot_img

അതീവ ജാഗ്രത വേണം! കേരളത്തിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് ഫോര്‍മാലിന്‍ ചേര്‍ത്ത പുഴുവരിക്കുന്ന മത്സ്യങ്ങളുടെ ‘ചാകര’

തൃശ്ശൂർ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയതും പുഴുവരിച്ചതുമായ മത്സ്യങ്ങള്‍ എത്തുന്നു. തമിഴ്നാട്ടില്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ അവിടെ നിന്നു മങ്കട, അയല പോലുള്ള ചെറിയ മീനുകളാണ് പൊതുവേ കേരളത്തിലെത്തുന്നത്. മത്സ്യം ദീര്‍ഘനാള്‍ കേടാകാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാലിനും അമോണിയയും ചേര്‍ത്താണ് ഇവയുടെ വരവ്.

അമോണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകിപ്പിക്കുന്നത് വൈകിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. മോര്‍ച്ചറിയില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇതില്‍ ഉയര്‍ന്ന തോതില്‍ വിഷാംശമുണ്ട്. ഇവ കാന്‍സര്‍, വൃക്ക, ഉദര രോഗങ്ങള്‍ക്ക് കാരണമാകും. ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം.

തൃശ്ശൂരില്‍ ഒഡീഷയിലെ ബാലസോറില്‍ നിന്നു ഷാലിമാര്‍ എക്സ്പ്രസിലെത്തിച്ച 1570 കിലോ പുഴുവരിച്ച മീന്‍ മണിക്കൂറുകള്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടു നാലോടെ എത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് 18 തെര്‍മോകോള്‍ പെട്ടികളാണു തൃശൂര്‍ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ ഇറക്കിയത്. ഉപ്പിട്ട ഉണക്കമീനായിരുന്നു 12 പെട്ടികളില്‍. 6 പെട്ടികളില്‍ ഐസിട്ട പച്ചമീനും. ഓരോ പെട്ടിയിലും ശരാശരി 80 കിലോയോളം മീന്‍.

ശക്തന്‍ മാര്‍ക്കറ്റിലെ 4 വ്യാപാരികളുടെ പേരിലാണു മീനെത്തിയത്. കനത്ത ദുര്‍ഗന്ധം പരന്നതോടെ യാത്രക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചു. പരിശോധനയ്ക്കായി പ്ലാറ്റ്ഫോമിലെത്തിയ ഭക്ഷ്യസുരക്ഷാ സംഘവുമായി ആര്‍പിഎഫ് തര്‍ക്കത്തിലായതോടെ. ഉദ്യോഗസ്ഥര്‍ സ്റ്റേഷന്റെ പുറത്തു കാവല്‍ നിന്നാണ് പരിശോധന പുറത്തെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ ഒരു സംഘം ആളുകളെത്തി മീന്‍പെട്ടികള്‍ മറ്റൊരു വാതിലിലൂടെ സ്റ്റേഷന്റെ പുറത്തെത്തിച്ച് ഓട്ടോകളില്‍ കയറ്റി മാര്‍ക്കറ്റിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞ പോലീസ് പിന്നാലെ പാഞ്ഞ് ഓട്ടോകള്‍ തിരികെ സ്റ്റേഷന്‍ മുറ്റത്തെത്തിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പെട്ടികള്‍ പൊട്ടിച്ചപ്പോള്‍ പുഴുവരിക്കുന്നതു കണ്ടു. ആവോലി, നെയ്മീന്‍, മാന്തള്‍ തുടങ്ങിയ മീനുകളാണു പെട്ടികളിലേറെയും. ഇവ നശിപ്പിച്ചു.

Related Articles

Latest Articles