Wednesday, May 15, 2024
spot_img

ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് മർദ്ദനം; അദ്ധ്യാപകൻ സുബൈറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചത്തിന്റെ പേരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അദ്ധ്യാപകനായ സുബൈറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മകന്‍റെ ക്ലാസില്‍ പഠിപ്പിക്കാത്ത അദ്ധ്യാപകനാണ് അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് മാതാവ് പറഞ്ഞു. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അദ്ധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ അദ്ധ്യാപകൻ സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യാർത്ഥിയിൽ നിന്ന് ചൈൽഡ് ലൈൻ അധികൃതരും പോലീസും മൊഴിയെടുത്തിട്ടുണ്ട്. അദ്ധ്യാപകനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

Related Articles

Latest Articles