തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴി. ബാഗില്‍ ലഹരി ഉത്പന്നം വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കേസിന്റെ യാഥാർഥ്യം എന്താണെന്ന് കണ്ടെത്താൻ ഇതുവരെയും അന്വേഷണ സംഘത്തിന് ആയില്ല. യുവതിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഇതിന്റെ ഭാഗമായി അന്വേഷണ സംഘം എക്‌സൈസ് ഇന്‍സ്്‌പെക്ടര്‍ സതീശന്റെ മൊഴിയെടുത്തു. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത് സതീശന്‍ ആണ്. ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സതീശന്റെ മൊഴിയെടുത്തത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് സതീശന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഗ് പരിശോധിച്ചതും ഷീല സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീശന്‍ മൊഴി നല്‍കി.

