Thursday, May 9, 2024
spot_img

നിത്യവും ‘ഓം നമോ ഭഗവതേ വാസുദേവായ’ മന്ത്രം ഇങ്ങനെ ജപിച്ചാൽ ഇതാണ് ഫലം

പ്രാർത്ഥനയുടെയോ ധ്യാനത്തിന്റെയോ ഭാഗമായി ഉരുവിടുന്ന അക്ഷരങ്ങൾ, അക്ഷരശ്രേണികൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവയെയാണ് മന്ത്രം എന്ന് പറയുന്നത്. സംസ്കൃതത്തിലെ ചിന്ത എന്നർത്ഥമുള്ള മന: എന്ന വാക്കിൽ നിന്നാണ് മന്ത്രം എന്ന വാക്കിന്റെ ഉത്ഭവം. “മനനാൽ ത്രായതേ” മനനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് (രക്ഷിക്കുന്നത് )ഏതൊന്നാണോ അതിനെ മന്ത്രം എന്നു പറയുന്നു.

അതെ …മനനം ചെയ്യുന്നതാണ് മന്ത്രങ്ങൾ. അങ്ങനെയുളള മന്ത്രങ്ങളിൽ നിന്നു മോക്ഷവും സൗഭാഗ്യങ്ങളും കൈവരുന്നു. മഹാവിഷ്ണുവിന്റെ മൂലമന്ത്രമായ ദ്വാദശാക്ഷരീ മന്ത്രം നിത്യേന പതിനൊന്നു പ്രാവശ്യമോ 108 പ്രാവശ്യമോ 10008 പ്രാവശ്യമോ ഉരുവിടുന്നത് ശ്രേഷ്ഠമായി പറയുന്നു.

എന്നാൽ അതെ മന്ത്രം വൈകുണ്ഡ ഏകാദശിയിലാവുമ്പോൾ അത്യധികം പുണ്യവുമാണ്. മോക്ഷ സിദ്ധിയാണ് വൈകുണ്ഠ ഏകാദശി വ്രതം അനുഷഠിച്ചാലുള്ള ഫലസിദ്ധി. അതു തന്നെയാണ് ദ്വാദശാക്ഷരീ മന്ത്രത്തിന്റെ ഫലശ്രുതിയും.

‘ഓം നമോ ഭഗവതേ വാസുദേവായ, എന്ന പന്ത്രണ്ടക്ഷരമുള്ള മന്ത്രമാണ് ദ്വാദശാക്ഷരീ മന്ത്രം. ലളിതമായ സംസ്കൃത പദവാക്യമാണിത്. എന്നാൽ അതിന്റെ സാരാംശം അതീവ മഹത്വവുമാണ്. ഭൂലോക വൈകുണ്ഡനാഥനായ ഗുരുവായൂരപ്പന്റെ തിരുനടക്കു മുന്നിലും ദ്വാദശാക്ഷരീ മന്ത്രം ആലേഖനം ചെയ്തിരിക്കുന്നതു നമുക്ക് കാണാൻ കഴിയും.

ഐതിഹ്യം

മഹാവിഷ്ണുവിന്റെ മഹത്വത്തെ വാഴ്ത്തി സ്തുതിക്കുന്ന ശ്രീമദ് മഹാഭാഗവതത്തിലെ ചതുർത്ഥ സ്കന്ദത്തിലാണ് ദ്വാദശാക്ഷരീ മന്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പറയുന്നത്. വൈവസ്വതമനുവിന്റെ പുത്രനായ ഉത്ഥാനപാദന് സുരുചി എന്നും സുനീതി എന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയിൽ ഉത്തമൻ എന്ന പുത്രനും സുനീതിയിൽ ധ്രുവൻ എന്ന പുത്രനുമുണ്ടായിരുന്നു. ഒരു ദിവസം ഉത്ഥാനപാദൻ ഉത്തമനെ മടിയിലിരുത്തി ലാളിക്കുന്നതു കണ്ട ധ്രുവൻ ഓടിച്ചെന്നു അച്ഛന്റെ മടിയിലിരിക്കാൻ തുടങ്ങിയപ്പോൾ സുരുചി തടസ്സം നിന്നു. ഇതിൽ മനം നൊന്ത ധ്രുവൻ അമ്മയുടെ അടുത്തു ചെന്നു കാര്യങ്ങൾ പറഞ്ഞു. ധ്രുവനെ ആശ്വസിപ്പിച്ചുകൊണ്ട് വിഷ്ണുഭക്തയായ സുനീതി ഹരിനാരായണ മൂർത്തിയെ പ്രാർഥിച്ചാൽ സകല വിഷമങ്ങളും അകലും എന്നു ഉപദേശിച്ചു. അമ്മയുടെ വാക്കുകൾ ശ്രവിച്ചു ധ്രുവൻ ഭഗവാനെ പ്രാർഥിക്കുന്നതിനായി കൊട്ടാരം വിട്ടിറങ്ങി. വഴിയരികിൽവെച്ചു നാരദ മഹർഷിയെ കണ്ടു. ഭഗവാനെ ഏങ്ങനെയാണ് പൂജിക്കേണ്ടതെന്നും ധ്യാനിക്കേണ്ടതെന്നും മഹർഷി ധ്രുവനു പഠിപ്പിച്ചു കൊടുത്തു. നാരദ മഹർഷി ധ്രുവനു പറഞ്ഞു കൊടുത്ത മഹാമന്ത്രമാണ് ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരീ മന്ത്രം . ഭഗവാനെ മനസ്സിൽ ധ്യാനിച്ചു മന്ത്രം ചൊല്ലി തപസ്സനുഷ്ഠിച്ച ധ്രുവനു മുമ്പിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യുകയും ചെയ്തു.

‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന പന്ത്രണ്ടക്ഷരങ്ങളിൽ ഓം പരമ പ്രദവും അനന്തവുമായ ഒരു ആത്മാവിനെ അല്ലെങ്കിൽ വ്യക്തിയെ സൂചിപ്പിക്കുന്നു. നമോ എന്നാൽ നമിക്കുക അല്ലെങ്കിൽ ആരാധിക്കുക എന്നാണർഥമാക്കുന്നത്. ഭഗവതേ എന്നാൽ സംസ്കൃതത്തിൽ ദൈവം എന്നർഥമാക്കുന്നു. എല്ലാ ഐശ്വര്യങ്ങളുടേയും ഭാഗ്യങ്ങളുടേയും നാഥനായവൻ ആരോ അവൻ ഭഗവാൻ എന്നു മറ്റൊരർഥവുമുണ്ട്. ശ്രീ , കീർത്തി,ശക്തി, ജ്ഞാനം, സൗന്ദര്യം, ത്യാഗം എന്നീ ദിവ്യ ഗുണങ്ങൾക്കും നാഥൻ എന്നർഥമാക്കുന്നു. വാസുദേവായ എന്നാൽ വസുദേവരുടെ പുത്രൻ എന്നർഥത്തിൽ വാസുദേവൻ എന്ന് പറയുന്നു. വാസു എന്നാൽ എല്ലാ ജീവജാലങ്ങളുടേയും ജീവൻ എന്നും ദേവൻ എന്നാൽ ദൈവം എന്നും അർഥമാക്കുന്നു. വാസുദേവൻ എന്നുള്ളതിനു എല്ലാ ജീവജാലങ്ങളുടേയും ജീവനായ ദൈവം എന്ന് അർഥം. അതായത് ഈശ്വരൻ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ് ദ്വാദശാക്ഷരീ മന്ത്രം.

എല്ലാ മനുഷ്യർക്കും അവരവരുടെ കർമ്മമണ്ഡലത്തിൽ നിന്നു മുക്തി നേടാൻ സഹായിക്കുന്നത് പരമസ്വരൂപനായ നാരായണ മൂർത്തിയാണ്. ആ മൂർത്തിയെ അത്യധികം ഭക്തിയോടെയും വ്രതശുദ്ധിയോടെയും വൈകുണ്ഠ ഏകാദശി ദിനത്തിൽ ദ്വാദശാക്ഷരീ മന്ത്രം ചൊല്ലി ജപിക്കുന്നത് അത്യുത്തമമാണ്. വൈഷ്ണവ മന്ത്രങ്ങളിൽ പ്രധാനം ദ്വാദശാക്ഷരീ മന്ത്രമാണന്നും ശാരദ തിലക് തന്ത്രവും പറയുന്നു.

(കടപ്പാട്)

Related Articles

Latest Articles