പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ മുർഷിദാബാദിൽ സംഘർഷം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും, മുൻ തൃണമൂൽ നേതാവും ആം ജനത ഉന്നയൻ പാർട്ടി നേതാവുമായ ഹുമായുൺ കബീറിന്റെ അനുയായികളും തമ്മിലുണ്ടായ സംഘർഷം മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന വേളയിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കുന്നത് തടയുന്നതായും വ്യാപകമായ പരാതികൾ ഉയർന്നു.
ഡൊംകൽ മണ്ഡലത്തിലെ റായ്പൂർ ഗ്രാമത്തിൽ സായുധരായ സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇത് വോട്ടർമാരിൽ ഭീതി ജനിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മേഖലയിൽ ഉണ്ടായ ക്രൂഡ് ബോംബ് ആക്രമണത്തിന് പിന്നിൽ ഹുമായുൺ കബീറിന്റെ പ്രവർത്തകരാണെന്ന് ഒരുകൂട്ടർ ആരോപിക്കുമ്പോൾ, തൃണമൂൽ എംപി അബു താഹിർ ഖാനും ഇതേ ആരോപണം ആവർത്തിച്ചു. എന്നാൽ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ഹുമയൂൺ കബീർ.
സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുർഷിദാബാദ് അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയുന്നില്ലെന്ന ആരോപണം അതീവ ഗൗരവകരമായാണ് കമ്മീഷൻ കാണുന്നത്. സംസ്ഥാനത്തെ ആകെ 294 മണ്ഡലങ്ങളിൽ 152 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നോർത്ത് ബംഗാളിലെ എട്ടു ജില്ലകൾക്ക് പുറമെ മുർഷിദാബാദ്, നാദിയ, ബിർഭൂം, ഹൂഗ്ലി തുടങ്ങിയ ജില്ലകളിലെയും തിരഞ്ഞെടുപ്പ് വിധി നിർണായകമാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നും തെരഞ്ഞെടുപ്പ് ഫലം മെയ് നാലിനും പ്രഖ്യാപിക്കും.

