Sunday, October 18, 2026

ഭാരതം തങ്ങൾക്ക് അനുഗ്രഹവും ഇറാൻ ഒരു ശാപവുമാണെന്ന് ഐക്യരാഷ്ട്രസഭ യോഗത്തിൽ ബെഞ്ചമിൻ നെതന്യാഹു; എല്ലാ പ്രശ്‌നങ്ങളുടെയും കാരണം ഇറാനും സഖ്യരാജ്യങ്ങളുമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിമർശനം

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഭാരതം തങ്ങൾക്ക് അനുഗ്രഹമാണെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെ ശാപമെന്ന് വിശേഷിപ്പിച്ച അദ്ദേഹം പലസ്തീനെ നീക്കം ചെയ്ത ഭൂപടങ്ങൾ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. വലത്തേ കയ്യില്‍ പിടിച്ചിരുന്ന ഭൂപടത്തില്‍ ഇറാന്‍, ഇറാഖ്,സിറിയ, യെമന്‍ എന്നിവയാണ് ഉണ്ടായിരുന്നത്. കറുത്തനിറത്തില്‍ അടയാളപ്പെടുത്തിയ ഈ രാജ്യങ്ങളെ ‘ശാപം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

ഇടത്തേ കൈയില്‍ പച്ച നിറത്തില്‍ ഈജിപ്ത്, സുഡാന്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളും ഉണ്ടായിരുന്നു. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരുന്ന ഈ രാജ്യങ്ങളുടെ ഭൂപടത്തിന് മുകളില്‍ ‘അനുഗ്രഹം’ എന്നാണ് എഴുതിയിരുന്നത്. രണ്ട് ഭൂപടങ്ങളിലും പലസ്തീന്‍ ഉണ്ടായിരുന്നില്ല. ശാപരാജ്യങ്ങള്‍ക്കെല്ലാം ഇറാനുമായി ബന്ധമുണ്ടെന്നും നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം ഇറാനും സഖ്യരാജ്യങ്ങളുമാണെന്നും നെതന്യാഹു ആരോപിച്ചു.

ഹിസ്ബുള്ളയ്ക്കും ഹമാസിനും ഹൂതി വിമതര്‍ക്കുമെല്ലാം സഹായം നല്കുകുന്നത് ഇറാനാണെന്ന് ആരോപിച്ച നെതന്യാഹു ആക്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. ഹിസ്ബുള്ള യുദ്ധത്തിന്റെ വഴി സ്വീകരിക്കുന്ന കാലം മുഴുവന്‍ ഇസ്രയേലിന് അതിനെ പ്രതിരോധിക്കുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാന്റെ പിന്തുണയുള്ള ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ വധിച്ചതായി ഔദ്യോഗികമായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഹിസ്ബുള്ള
ആസ്ഥാനത്തിനുനേരെ നടത്തിയ വ്യോമോക്രമണത്തിൽ ഹസൻ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേൽ പറയുന്നത്. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ ആക്രമിച്ചത്.

Related Articles

Latest Articles