Thursday, March 28, 2024
spot_img

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഉടൻ

ദില്ലി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വൈകില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വൈകാതെ ചേരുമെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിലൂന്നിയ കേരളത്തിൻറെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ ഇക്കാര്യം ചർച്ച ചെയ്യുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.

തമിഴ്നാട്,പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നൊന്നും ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. കേരളത്തിന്‍റെ നിര്‍ദ്ദേശം, അംഗീകാരമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൂ‍ര്‍ണ്ണമായും അംഗീകരിച്ചതാണോ എന്നതടക്കം പരിശോധിക്കുമെന്നും കമ്മീഷൻ വ്യത്തങ്ങൾ വ്യക്തമാക്കി.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇന്നലെ ധാരണയായിരുന്നു. നാലു മാസത്തേക്ക് ജനപ്രതിനിധിയെ കണ്ടെത്താനായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന പൊതുവികാരമാണ് സര്‍വകക്ഷി യോഗത്തില്‍ മൂന്ന് മുന്നണികളും സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്ന ചിന്തയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തി.

Related Articles

Latest Articles