Sunday, April 28, 2024
spot_img

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്

തൃശൂര്‍: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്. തൃശൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റത്. തൃശൂരിൽ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും വലിയ രീതിയിലാണ് പ്രതിഷേധം നടന്നത്. പത്തനം തിട്ടയിലും കോഴിക്കോട്ടും തൃശൂരിലും പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. മിക്ക ജില്ലകളിലും പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.

കോഴിക്കോട്ട് യൂത്ത് ലീഗ് മാർച്ചിന് നേരെ രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലിസ് പിരിച്ച് വിട്ടത്. കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയും പോലിസ് ആദ്യം കണ്ണീർ വാതകവും പിന്നീട് ജല പീരങ്കിയും പ്രയോഗിച്ചു. ബിജെപി പ്രവർത്തകർ കോഴിക്കോട് പാളയത്ത് റോഡുപരോധിച്ചു.

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മമ്മയുടെ കൊല്ലത്തെ വീട്ടിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ് ഉണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലി ഗ്രനേഡ് പ്രയോഗിച്ചു.

തിരുവനന്തപുരത്ത് യൂത്ത് ലീഗ് പ്രവർത്തകരുർെ മാർച്ചിലും സംഘർഷമുണ്ടായി. ലാത്തിച്ചാർജ്ജിൽ യൂത്ത് ലിഗ് പ്രവർത്തകർക്ക് പരിക്കേറ്റു. ആലപ്പുഴയിൽ മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ തങ്ങിയ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ച് തടഞ്ഞ പോലിസുമായി പ്രവർത്തകർ ഏറ്റുമുട്ടി. എറണാകുളം പാലാരിവട്ടത്ത കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

കോട്ടയത്ത് യുവമോർച്ച പ്രവർത്തകർ എം സി റോഡിൽ കുത്തിയിരുന്നതോടെ അറസ്റ്റു ചെയ്തു നീക്കി. പിന്നാലെ എത്തിയ ബിജെപി പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ചു നീക്കി. മഹിളാകോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് സമാധാനപരമായിരുന്നു. മിക്കയിടത്തും പ്രതിഷേധക്കാർ ജലീലിന്റെ കോലം കത്തിച്ചു.

Related Articles

Latest Articles