ദില്ലി : വിക്കിപീഡിയയ്ക്ക് എതിരെ നടപടിയുമായി കേന്ദ്രസർക്കാർ. കമ്പനി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കേന്ദ്രം നോട്ടീസ് അയച്ചു. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ് പേജിലൂടെ പങ്കുവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിക്കീപീഡിയയ്‌ക്കെതിരെ നിരവധി പരാതികളാണ് കേന്ദ്രസർക്കാരിന് ലഭിച്ചത്.
തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ ഹർജി നൽകിയിരുന്നു. എഎൻഐയുടെ വിവരങ്ങളിൽ തിരുത്തലുകൾ നടത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ നിയമപോരാട്ടം ദില്ലി ഹൈക്കോടതിയിൽ നടക്കുകയാണ്.
തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും അപമാനിക്കുന്ന രീതിയിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തിയതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിക്കിപീഡിയക്കെതിരെ നിരവധി കേസുകളുണ്ട്. വിക്കീപ്പിഡിയ നിരോധിക്കുന്നത് ഉൾപ്പടെ പരിഗണിക്കുമെന്ന മുന്നറിയിപ്പും ദില്ലി ഹൈക്കോടതി നൽകിയിരുന്നു.

