Thursday, September 24, 2026

ബൈക്ക് മോഷണം; മോഷ്ടിച്ച ബൈക്ക് കേടായതിനെ തുടർന്ന് നന്നാക്കാൻ സഹായം അഭ്യർത്ഥിച്ചത് ഉടമയോട്; കള്ളൻ അറസ്റ്റിൽ

ചെന്നൈ: മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ കേടായ ബൈക്ക് നന്നാക്കാൻ ഉടമയോട്തന്നെ സഹായം ചോദിച്ച് കള്ളൻ. കോയമ്പത്തൂരിലെ സുലൂരിലാണ് സംഭവം അരങ്ങേറിയത്. കള്ളനെ കയ്യോടെ പൊക്കി ഉടമ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു.

സുലൂർ നെയ്‌ക്കാരൻകുട്ട സ്വദേശി മുരുകന്റെ ബൈക്ക് ആണ് മോഷണം പോയത്. കോഴി ഫാമിലെ മാനേജർ ആയ ഇയാൾ വീടിന് മുൻപിലാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. എന്നാൽ ഇവിടെ കാണാതായതിനെ തുടർന്ന് കരുമത്തംപട്ടി പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. തിരികെവരുന്നതിനിടെ കുറുമ്പപാളയത്തിൽവെച്ചാണ് കള്ളനെ മുരുകൻ കയ്യോടെ പൊക്കിയത്.

മടങ്ങിവരുന്നതിനിടെ കുറുമ്പപാളയത്തിലെ വർക്ക് ഷോപ്പിന് മുൻപിൽ പരിചയമുള്ള ബൈക്ക് കണ്ടു. ഇതോടെ മുരുകൻ ബൈക്കിന് അടുത്തേക്ക് പോയി. മുരുകനെ കണ്ട് വർക്ക് ഷോപ്പ് ഉടമയാണെന്ന് തെറ്റിദ്ധരിച്ച കള്ളൻ എപ്പോൾ തുറക്കുമെന്നും, ബൈക്ക് കേടായെന്നും പറഞ്ഞു. എന്നാൽ ഇത് തന്റെ ബൈക്കാണെന്ന് ഇയാൾ കള്ളനോട് പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് വിഷയത്തിൽ നാട്ടുകാർ ഇടപെട്ടു.

മുരുകൻ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ട നാട്ടുകാർ കള്ളനെ പിടിച്ചു കെട്ടി. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി കള്ളനെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles