Saturday, May 4, 2024
spot_img

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ പാസാക്കി ലോക്‌സഭ

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബിൽ ലോക്‌സഭ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ബില്ല് പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി.

ബില്‍ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിര്‍ത്തിവെച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ലോക്സഭ സഭ സമ്മേളിച്ച ഉടന്‍ തന്നെ പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ഇതിന് ശേഷം സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നതോടെയാണ് ബഹളം തുടങ്ങിയത്. അതേസമയം എല്ലാ വിഷയങ്ങളും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാൽപര്യം മുൻനിർത്തിയുള്ള ചർച്ചകൾ പാർലമെന്‍റിൽ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാവും. എല്ലാ ചോദ്യങ്ങൾക്കും സർക്കാർ പാർലമെന്‍റില്‍ ഉത്തരം നൽകുമെന്ന് മോദി വ്യക്തമാക്കി.

Related Articles

Latest Articles