Sunday, April 28, 2024
spot_img

ചരിത്രത്തിലാദ്യമായി അന്റാർട്ടിക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ! 50,000 ജോഡി പെൻഗ്വിനുകൾക്കും 65,000 ജോഡി ഫർ സീലുകൾക്കും ഭീഷണി; ആശങ്കയിൽ ഗവേഷകർ

ജന്തുജന്യ രോഗങ്ങൾ ഇത് വരെയും റിപ്പോർട്ട് ചെയ്യപ്പെടാത്ത അന്റാർട്ടിക്കയിൽ ചരിത്രത്തിൽ ഇതാദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (H5N1) ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ പെടുന്ന ഒരിനം പക്ഷികളാണിവ. യുകെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൻതോതിൽ പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് അന്റാർട്ടിക് സർവേയിലെ ഗവേഷകർ പക്ഷികളുടെ സ്രവങ്ങൾ പരിശോധനയ്ക്കയക്കുന്നത്.

പക്ഷിപ്പനി വ്യാപകമായ തെക്കേ അമേരിക്കൻ പ്രദേശങ്ങളിൽ ദേശാടനത്തിന് പോയപ്പോഴാകാം ബ്രൗണ്‍ സ്കുവകൾക്ക് രോഗം ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്. ചിലി, പെറു എന്നിവിടങ്ങളിൽ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടൽപ്പക്ഷികളാണ് ചത്തൊടുങ്ങിയത്. പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിനിടയാക്കുന്ന പകർച്ചവ്യാധിയാണ് പക്ഷിപ്പനി. ഇൻഫ്ളുവൻസ വൈറസായ ഇത് സ്രവങ്ങളിൽ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവൽ എന്നിവ വഴിയും രോഗം പടരുന്നു.

ദക്ഷിണ ജോർജിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി, ഫോക്ക്‌ലാൻഡ് ദ്വീപുകളിൽ നിന്ന് ഏകദേശം 600 മൈൽ തെക്ക്– കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലൻഡ്. നിലവിൽ 50,000 ജോഡി പെൻഗ്വിനുകളുടെയും 65,000 ജോഡി ഫർ സീലുകളുടെയും വാസസ്ഥലമാണ് ഇവിടം. പക്ഷിപ്പനി ബാധ ഇവയുടെ നിലനിൽപ്പിനെ കൂടി ബാധിക്കുമോയെന്ന ഭയം ഗവേഷകർക്കുണ്ട്. ഈ രണ്ട് ജീവജാലങ്ങളിലും പക്ഷിപ്പനി അതി വേഗത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്.

Related Articles

Latest Articles