Saturday, April 27, 2024
spot_img

അറേബ്യൻ മണ്ണിലേക്ക് വീണ്ടും ലോകകപ്പ് ഫുട്ബോൾ വസന്തം !ഓസ്‌ട്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ

മെല്‍ബണ്‍: 2022ലെ ഖത്തർ ലോകകപ്പിന് ശേഷം മറ്റൊരു ലോകകപ്പ് കൂടി അറേബ്യൻ മണ്ണിലെത്തുന്നു. 2034-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം സൗദി അറേബ്യയ്ക്ക് ലഭിച്ചേക്കും. 2034-ലെ ലോകകപ്പ് വേദിക്കായി ഏഷ്യ- ഓഷ്യാന മേഖലയിലെ രാജ്യങ്ങളെയാണ് പരിഗണിക്കുന്നതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. മേഖലയിൽ നിന്ന് സൗദിക്ക് പുറമെ വേദിക്കായി മത്സരിച്ചിരുന്ന ഓസ്‌ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിച്ചു.

2034-ലെ ലോകകപ്പിന് പകരം 2026-ലെ വനിതാ ഏഷ്യന്‍ കപ്പിനും 2029-ലെ ക്ലബ്ബ് ലോകകപ്പിനുമുള്ള വേദിക്കായി ശ്രമം നടത്താനാണ് ഫുട്‌ബോള്‍ ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നതെന്ന് സിഇഒ ജെയിംസ് ജോണ്‍സണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയ പിന്‍വാങ്ങിയ സാഹചര്യത്തില്‍ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) അംഗങ്ങളുടെ തീരുമാനം. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷത്തെ ഫിഫ കോണ്‍ഗ്രസിലായിരിക്കും ഉണ്ടാകുക.

Related Articles

Latest Articles