ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആലപ്പുഴയിൽ എത്തും. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം ഏഴംഗ സംഘത്തെ അയക്കുമെന്ന് അറിയിച്ചത്. ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ദരാണ് എത്തുന്നത്. രോഗവ്യാപനം സംബന്ധിച്ച് പ്രദേശത്ത് വിശദമായി പരിശോധന നടത്തി, ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും. രോഗ വ്യാപന തോത് കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും സംസ്ഥാനത്തിന് നൽകും.
പക്ഷിപ്പനി ബാധിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിലെ 20,471 താറാവുകളെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പ്രദേശത്ത് ഇന്ന് അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ബംഗ്ലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖലാ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നൽകുന്നത്. പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ തുടങ്ങിയവയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ കേന്ദ്രസംഘം സഹായിക്കും.

