Saturday, September 19, 2026

ഇന്ന് മെയ് 31;അഹല്യഭായി ഹോൾക്കർ ജന്മദിനം

ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്ത നിരവധി വനിതാ രത്നങ്ങൾ ഭാരതത്തിനുണ്ട്. അത്തരത്തിലൊരു ധീര മാതാവായിരുന്നു അഹല്യഭായ് ഹോൾക്കർ.

മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ. 1725 ൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണ് അഹല്യാഭായി ജനിച്ചത്. പിതാവ് മങ്കോജി ഷിൻഡെ ഗ്രാമത്തിലെ തലവൻ ആയിരുന്നു. അദ്ദേഹം ധൻഗർ കമ്മ്യൂണിറ്റിയിലെ അംഗമായിരുന്നു. അക്കാലത്ത് സ്ത്രീകൾ സ്കൂളിൽ പോയിരുന്നില്ല , പക്ഷേ അഹല്യാബായിയുടെ അച്ഛൻ അവരെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. എട്ടുവയസ്സുകാരിയായ അഹല്യ ഗ്രാമത്തിലെ ദരിദ്രർക്കും, ഭിക്ഷുക്കൾക്കും ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ട, മാറാത്ത പേഷ്വാ ബാജി റാവുവിന്റെ സേനാനായകരിൽ ഒരാളായ മൽഹർ റാവു ഹോൾക്കർ അവരെ സ്വന്തം പുത്രന് വധുവായി തെരഞ്ഞെടുത്തു. അങ്ങിനെ 1733 ൽ അഹല്യ ഖണ്ഡേ റാവു, ഹോൾക്കറിനെ വിവാഹം ചെയ്തു. മാൾവ പ്രദേശം അക്കാലത്ത് മൽഹാർ റാവുവിന്റെ അധീനതയിൽ ആയിരുന്നു.

29 ആമത്തെ വയസ്സിൽ അഹല്യാ ബായിയെ വൈധവ്യം തേടിയെത്തി. 1754 ൽ നടന്ന കുമ്പേർ യുദ്ധത്തിൽ ഖണ്ഡേ റാവു കൊല്ലപ്പെട്ടപ്പോൾ അഹല്യ സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു എങ്കിലും ഭർതൃപിതാവായ മൽഹാർ റാവു വിലക്കി. 1766 ൽ മൽഹാർ റാവു കൂടി അന്തരിച്ചതോടെ അനാഥമായ മാൾവ പ്രദേശത്തിന്റെ അധികാരം അഹല്യ ബായ് സ്വയം ഏറ്റെടുത്തു. മാൽവയിലെ ചിലർ അവർ ഭരണം ഏറ്റെടുക്കുന്നതിനെ എതിർത്തുവെങ്കിലും ഹോൾക്കറുടെ സൈന്യം അഹല്യയ്ക്കൊപ്പമായിരുന്നു. രാജ്യത്തെ ആർക്കും നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാവുന്ന ഒരു ഭരണാധികാരി ആയിരുന്നു അഹല്യ ഭായ്. യുദ്ധഭൂമിയിൽ സ്വന്തം പടയാനയോടൊപ്പം റാണി ധീരമായ പോരാട്ടങ്ങളും കാഴ്ച വെച്ചു.

രാജ്യത്തെ സകലവിഭാഗം ജനങ്ങളുടെയും പുരോഗമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ദേവി അഹല്യ ഭായി മഹേശ്വറിൽ ഭരണതലസ്ഥാനം നിശ്ചയിച്ചു. മാൾവയിൽ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും, പ്രധാന പരുത്തി ഉത്പാദക മേഖലയായി മാറ്റുകയും ചെയ്തതും അഹല്യ ഭായിയുടെ ഭരണനൈപുണ്യം ആയിരുന്നു. തണൽ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ ദരിദ്ര ജനതയ്ക്കുള്ള വാസസ്ഥലങ്ങൾ ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു.

വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ എന്നീ മേഖലകൾക്കെല്ലാം വലിയ പുരോഗമനം സൃഷ്ടിച്ച റാണിയുടെ ഭരണത്തിൽ മാൾവായിൽ നിന്നുള്ള നികുതി വരുമാനവും വലുതായിരുന്നു. ഈ ധനം ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി അവർ ഉപയോഗിച്ചു. കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാഭായിക്ക് സാധിച്ചു.

മണ്ഡലേശ്വർ ശിവ ഘട്ട് ക്ഷേത്രം , ഓംകാരേശ്വർ ക്ഷേത്രം, മമലേശ്വർ ക്ഷേത്രം, അമലേശ്വർ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, ഗൗരി സോമനാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ മധ്യപ്രദേശിൽ നിർമ്മിച്ചു . ആലമ്പൂർ (എം‌പി) – ഹരിഹരേശ്വർ, ബട്ടുക്, മൽഹരി മാർത്താണ്ഡ ക്ഷേത്രം, സൂര്യ, രേണുക, രാം ഹനുമാൻ ക്ഷേത്രങ്ങൾ, ശ്രീറാം ക്ഷേത്രം, ലക്ഷ്മി നാരായൺ ക്ഷേത്രം, മാരുതി ക്ഷേത്രം, നർസിങ് ക്ഷേത്രം, ഖണ്ടേരാവു മാർട്ടണ്ട് ക്ഷേത്രം, മൽഹറാവു സ്മാരകം, അമർകാന്തക്- ശ്രീ വിശ്വേശ്വര ക്ഷേത്രം, കോടി തീർത്ഥ ക്ഷേത്രം, ഗോമുഖി ക്ഷേത്രം, ധർമ്മശാല, വാൻഷ് കുന്ദ് അംബേഗാവ് – ക്ഷേത്രത്തിനുള്ള വിളക്കുകൾ
ആനന്ദ് കാനൻ – വിശ്വേശ്വര ക്ഷേത്രം , അയോദ്ധ്യ (യു‌പി) – ശ്രീ ത്രേതാ രാം ക്ഷേത്രം, ശ്രീ ഭൈരവ് ക്ഷേത്രം, നാഗേശ്വർ / സിദ്ധനാഥ് ക്ഷേത്രം, ശരായു ഘട്ട്, നന്നായി, സ്വർഗദ്വാരി മൊഹതജ്ജാന, ധർമ്മശാലകൾ
ബദരീനാഥ് (ഉത്തരാഖണ്ഡ്) – ബദരീനാഥ ക്ഷേത്രം, ശ്രീ കേദരേശ്വർ, ഹരി ക്ഷേത്രങ്ങൾ, ധർമ്മശാലകൾ (രംഗദാചതി, ബിദാർചട്ടി, വ്യസ്ഗംഗ, തങ്കനാഥ്, പവാലി), മനു കുണ്ഡങ്ങൾ (ഗുരു കുണ്ഡ് , കുണ്ഡ ചത്രി) തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങളും, ക്ഷേത്രക്കിണറുകളും, അഹല്യാ ഭായ് നിർമ്മിക്കുകയുണ്ടായി.

ഔറംഗസേബിനാൽ തച്ചുടയ്ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം മാറ്റി സ്ഥാപിച്ചതും റാണിയായിരുന്നു. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ വീണ്ടെടുക്കുവാൻ റാണി നടത്തിയ ശ്രമങ്ങളും, അതിനായി ചെയ്ത സാമ്പത്തിക സഹായങ്ങളും അമേരിക്കൻ ചരിത്രകാരനായ സ്റ്റുവർട്ട് ഗോർഡൻ അടക്കമുള്ള നിരവധി പേർ ചരിത്ര രേഖകളിൽ കുറിച്ചിട്ടുമുണ്ട്. മഥുരയിൽ ചെയിൻ ബിഹാരി ക്ഷേത്രം, കാളിയദേഹ ഘട്ട്, ചിർഘട്ട്, കൂടാതെ മറ്റു പല ഘട്ടങ്ങളും, ധർമ്മശാല, അന്നക്ഷേത്ര എന്നിവയും നിർമ്മിച്ചത് റാണിയായിരുന്നു. അഹല്യ ഭായിയുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിന് അവരുടെ പേരാണ് നൽകിയത്. മധ്യപ്രദേശിൽ ദേവി അഹല്യ വിശ്വവിദ്യാലയം എന്ന പേരിലും, മഹാരാഷ്ട്രയിൽ പുണ്യശ്ലോക് അഹല്യ ദേവി ഹോൾകാർ എന്ന പേരിലും സർവ്വകലാശാലകളും ഉണ്ട്.

അയോദ്ധ്യയിലെ രാമക്ഷേത്രം പുനർനിർമ്മിക്കപ്പെടണം എന്ന് രണ്ടരനൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന, അതിനായി അക്ഷീണം പ്രയത്നിച്ച റാണി അഹല്യാ ഭായ് സ്വന്തം ഭരണകാലം ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനും, ഉന്നതിക്കുമായി വിനിയോഗിച്ചു. ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണ്. ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിന് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.നൂറ്റാണ്ടുകളായി ഭാരതത്തിലെ ഹിന്ദുക്കൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന സ്വപ്നം പൂവണിയുമ്പോൾ, സ്മരിക്കാം ആ ലക്ഷ്യത്തിനായി ജന്മം ഉഴിഞ്ഞു വെച്ച മഹാരഥരെ .

Related Articles

Latest Articles