Saturday, May 18, 2024
spot_img

മേരെ വതൻ കി ലോഗോ എന്ന അനശ്വര ദേശഭക്തിഗാനത്തിന്റെ രചയിതാവ് കവി പ്രദീപിന്റെ ജന്മദിനമാണിന്ന്; ആ ഗാനം പാടി അനശ്വരമാക്കിയ വാനമ്പാടി വിടപറയുന്നതും അതേ ദിനത്തിൽ

മേരെ വതൻ കി ലോഗോ എന്ന അനശ്വരമായ ദേശഭക്തിഗാനം കേട്ടിട്ടില്ലാത്തവർ കാണില്ല. ആ ഗാനം പാടിയത് പ്രിയപ്പെട്ട ലതാജിയാണെന്നും നമുക്കറിയാം. പക്ഷെ അതിന്റെ രചന നിർവ്വഹിച്ച കവി പ്രതീപ് എന്ന എഴുത്തുകാരനെ അറിയുമോ? ആ അനശ്വരനായ കവിയുടെ ജന്മദിനമാണിന്ന് നമ്മുടെ പ്രിയപ്പെട്ട ലതാ ജി വിടവാങ്ങിയ ദിനവും.1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഭാരത സൈനികർക്ക് സമർപ്പണമായി എഴുതിയ ദേശഭക്തിഗാനമാണ് മേരെ വതൻ കി ലോഗോ. 1963 ലെ റിപ്പബ്ലിക്ക് ദിന ചടങ്ങിൽ ദില്ലിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ജനസഹസ്രങ്ങളെ സാക്ഷിയാക്കി രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും അടക്കം നിരവധി പ്രശസ്തർ സന്നിഹിതരായ വേദിയിൽ ആ വരികൾ ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കർ ആലപിക്കുമ്പോൾ ഓരോ ഭാരതീയന്റെയും നാഡീ ഞരമ്പുകളിൽ ദേശസ്നേഹം അലയടിക്കുകയായിരുന്നു.

ഓരോ ഭാരതീയന്റെയും ഹൃദയങ്ങളിൽ ഇന്നും തുടിക്കുന്ന അത്ഭുത വരികൾ എഴുതിയത് കവി പ്രദീപ് എന്ന അനശ്വരനായ എഴുത്തുകാരനായിരുന്നു. ഓരോ അക്ഷരവും ഓരോ വരിയും രാജ്യത്തിനായി എഴുതപ്പെടുമ്പോൾ രാജ്യസ്നേഹം തുളുമ്പുന്ന ഹൃദയങ്ങളിൽ നിന്ന് പുറത്തേക്കൊഴുകുമ്പോൾ ആ ഗാനത്തിന് വന്നുചേരുന്ന അസാമാന്യ ആകർഷണ ശക്തി പ്രകടമായ ഗാനമാണ് മേരെ വതൻ കി ലോഗോ. കവി പ്രദീപ് പകരം വക്കാനാകാത്ത ദേശസ്നേഹിയായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന് ലതാജിയുടെ ചരമ ദിനവും. ആ ഗാനം ആലപിക്കാനായി പ്രദീപ് ജി ലതാമങ്കേഷ്‌കറോട് പറയുമ്പോൾ തിരക്കുകൾ കാരണം റിഹേഴ്സലിന് വേണ്ട സമയമില്ലാത്തത് കാരണം അവർ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പക്ഷെ ആ വരികളുടെ മാസ്മരികത രാജ്യസ്നേഹിയായ ലതയെ വല്ലാതെ ആകർഷിച്ചു. ഒടുവിൽ 1963 ജനുവരി 26 ന് രാജ്യ തലസ്ഥാനത്ത് ആദ്യമായി ആലപിക്കപ്പെട്ടപ്പോൾ ജനം ആ സൃഷ്ടിയെ ഹൃദയ പത്മങ്ങളിൽ ഏറ്റു വാങ്ങുകയായിരുന്നു. തുടർന്ന് അന്ന് മുതൽ ഇന്നുവരെ ഔദ്യോഗിക ചടങ്ങുകളിലും ദേശീയ പരിപാടികളിലും ഭാരതത്തിന്റെ ദേശീയ ഗാനമായ ജന ഗണ മന ക്കും വന്ദേ മാതരത്തിനും സാരേ ജഹാം സെ അച്ഛേ ക്കും ഒപ്പം മേരെ വതൻ കി ലോഗോ യും സ്ഥാനം പിടിച്ചിരുന്നു. അനശ്വരനായ ആ കവിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളുമായിട്ടാകണം ഗായികയും ഇന്ന് ലോകത്തോട് വിടപറഞ്ഞത്. ഒപ്പം ആ അനശ്വര സൃഷ്ടി ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് അവസാനം കുറിക്കുന്ന ചടങ്ങായ ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെട്ടതിന്റെ സന്തോഷവും അഭിമാനവും ലതാജിയെ സന്തോഷവതിയാക്കിയിട്ടുണ്ടാകും. വിദേശഗാനങ്ങളാണ് കൂടുതലും ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ അത്തരം ഗാനങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഗാനങ്ങളാണ് ചടങ്ങിൽ ആലപിച്ചത്.

Related Articles

Latest Articles