Saturday, May 4, 2024
spot_img

ലതാ മങ്കേഷ്‌കറുടെ വിയോഗം മൂലം ഭാരതീയർ അനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസം’; ഭാരതത്തിന്റെ ഇതിഹാസ ഗായികയ്ക്ക് പ്രണാമങ്ങൾ അർപ്പിച്ച് ആർആർഎസ് സർസംഘചാലക് മോഹൻ ഭാഗവത്

നാഗ്പൂർ: ഭാരതത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രീയ സ്വയം സേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത്.

‘ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും അനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ഈ ദു:ഖം താങ്ങാനുള്ള കരുത്ത് അവരുടെ കുടുംബത്തിന് ദൈവം നൽകട്ടെ. എന്റെയും സംഘടനയുടേയും പേരിൽ ഞാൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു’- സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.

ഇന്ന് രാവിലെ 9.45ഓടെയാണ് ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. കഴിഞ്ഞ ദിവസം ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും മൃതദേഹം ദക്ഷിണ മുംബൈയിലെ പെദ്ദാർ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ പൊതു ദർശനത്തിന് ശേഷം ശിവാജി പാർക്കിൽ എത്തിയ്‌ക്കും. ശിവാജി പാർക്കിലെ പൊതുദർശനത്തിൽ പ്രധാനമന്ത്രി എത്തി ആദരാഞ്ജലി അർപ്പിക്കും. ലത മങ്കേഷ്‌കറുടെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ലതാ മങ്കേഷ്‌കറോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, ഔദ്യോഗിക വിനോദ പരിപാടികൾ ഒന്നും ഉണ്ടാകില്ല. ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കലാ, സാസംകാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Latest Articles