Friday, May 17, 2024
spot_img

അൻപത് ശതമാനം വോട്ട് ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി; വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകി ബിജെപി ദേശീയ ഭാരവാഹിയോഗം സമാപിച്ചു.

ദില്ലി: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് ലക്ഷ്യമാക്കി ജനങ്ങളിലേക്ക് ഇറങ്ങാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വനത്തോടെ ദില്ലിയിൽ ചേർന്ന ദേശീയ ഭാരവാഹിയോഗം സമാപിച്ചു. ഡിസംബർ 23,24 തീയതികളിലാണ് ദേശീയ ഭാരവാഹിയോഗം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനും അദ്ദേഹം ആഹ്വാനം നൽകി. കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടുകൊണ്ടുള്ള വികസിത ഭാരത് യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ച മണ്ഡലങ്ങളിൽ ഓരോ ബൂത്തിലും 10% അധിക വോട്ട് നേടാനും യോഗം തീരുമാനിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 303 സീറ്റുകൾ ലഭിച്ചിരുന്നു. ഇത്തവണ അത് 350 ആക്കി ഉയർത്താനാണ് പാർട്ടി ലക്ഷ്യംവയ്ക്കുന്നത്. എൻ ഡി എ മുന്നണിക്ക് 400 ലേറെ സീറ്റുകൾ ഉണ്ടാകണമെന്നും യോഗത്തിൽ തീരുമാനമായി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നു സംസ്ഥാനങ്ങളിൽ നേടിയ ഗംഭീര വിജയം പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രവർത്തന പദ്ധതിയും യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്മാർ വിവരിച്ചു. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് തുടങ്ങിയവർ മാർഗ്ഗ നിർദ്ദേശം നൽകി.

കേരളത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി രാധാമോഹൻ അഗർവാൾ, ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Latest Articles