Sunday, October 18, 2026

ആമയിഴഞ്ചാൻ അപകടം: ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു; മേയറുടെ ഓഫീസ് ഉപരോധിച്ച് ബിജെപി കൗൺസിലർമാർ; നഗരസഭാ ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യക്കൂമ്പാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം. ബിജെപി കൗൺസിലർമാർ മേയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. വനിതാ കൗൺസിലർമാർ അടക്കം ഉപരോധ സമരത്തിൽ പങ്കെടുക്കുന്നു. നഗരസഭാ സെക്രട്ടറിയുടെ ഓഫീസടക്കം കൗൺസിലർമാർ ഉപരോധിക്കുന്നു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണം നടത്തവേ അപകടത്തിൽപ്പെട്ട തൊഴിലാളി ജോയിയുടെ മരണത്തിന് ഉത്തരവാദി നഗരസഭയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

നേരത്തെ അപകടത്തിന്റെ ഉത്തരവാദിത്തം റയിൽവേയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ റെയിൽവേയുടെ അധീനതയിലുള്ള ഭൂമിയിൽ അടിഞ്ഞുകൂടുന്ന മാലിന്യം നഗരത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ നിന്ന് ഒഴുകിയെത്തുന്നതാണെന്ന് വ്യക്തമായിരുന്നു. നഗരത്തിലെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുന്നതിൽ പരാജയപ്പെട്ടത് നഗരസഭാ അധികൃതർ ആണെന്ന് ബിജെപി ആരോപിക്കുന്നു. നഗരസഭയ്ക്ക് മാലിന്യ സംസ്‌കരണത്തിനായി കേന്ദ്ര സർക്കാരിന്റെയടക്കം കോടികളുടെ ഫണ്ട് ഉണ്ട് എന്നാൽ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അഴിമതി നടത്തി ഇത് സ്വന്തം പോക്കറ്റിലാക്കിയെന്ന് ബിജെപി ആരോപിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ ഭൂമിയിലുള്ള ടണലിൽ ശുചീകരണ പ്രവർത്തനത്തിനിടെ മാരായമുട്ടം സ്വദേശിയായ ജോയി അപകടത്തിൽപ്പെട്ടത്. 47 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ ജോയിയുടെ മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ മാറി മൂന്നാംദിനം മൃതദേഹം പൊങ്ങുകയായിരുന്നു. അതേസമയം അപകടത്തിന് കാരണം ജോയിയുടെ അനാസ്ഥയാണെന്നും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ ജോയി തയ്യാറായില്ലെന്നും കരാറുകാരൻ ഇന്ന് പ്രതികരിച്ചിട്ടുണ്ട്.

Related Articles

Latest Articles