Wednesday, May 29, 2024
spot_img

ഗോവ ഫോര്‍വേഡ് പാര്‍ട്ടി ‍എംഎല്‍എ ബിജെപിയില്‍ ചേരുന്നു; മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ കീഴില്‍ ബിജെപി കൂടുതല്‍ കരുത്തിലേക്ക്

പനാജി: ഗോവയില്‍ ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ (ജിഎഫ്പി) ഒരു എംഎല്‍എ വ്യാഴാഴ്ച രാത്രി രാജിവെച്ച് ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിച്ചതോടെയാണിത്.

ഗോവ സാലിഗാവോ എംഎല്‍എ ജയേഷ് സാല്‍ഗവോങ്കറാണ് ജിഎഫ്പിയില്‍ നിന്നും വ്യാഴാഴ്ച രാജിവെച്ചത്. വൈകാതെ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനവും നടത്തിയിട്ടുമുണ്ട്.

ജയേഷ് സാല്‍ഗവോങ്കര്‍ ജിഎഫ്പിയില്‍ നിന്നുള്ള രാജിക്കത്ത് ഗോവ നിയമസഭ സ്പീക്കര്‍ രാജേഷ് പട്‌നേക്കറിന് സമര്‍പ്പിച്ചു കഴിഞ്ഞു. ജിഎഫ്പി പ്രസിഡന്‍റ് വിജയ് സര്‍ദേശായി കോണ്‍ഗ്രസുമായി സഖ്യമുന്നണിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചയുടനെയായിരുന്നു എംഎല്‍എ ജയേഷ് സാല്‍ഗവോങ്കറുടെ രാജി.

സര്‍ദേശായിയും രണ്ട് എംഎല്‍എമാരും നവംബർ 30ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിനിടയിലായിരുന്നു ജയേഷ് സാല്‍ഗവോങ്കറുടെ രാജി.

എന്നാൽ ഇതോടെ ജിഎഫ്പിയുടെ എംഎല്‍എമാരുടെ എണ്ണം രണ്ടായി. നവംബർ 30ന് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ സര്‍ദേശായിയും മറ്റൊരു എംഎല്‍എയും കോണ്‍ഗ്രസുമായുള്ള സഖ്യം പ്രഖ്യാപിച്ചു.

അതേസമയം ജയേഷ് സാല്‍ഗവോങ്കറുടെ രാജിക്ക് കാരണം മുഖ്യമന്ത്രി പ്രമോദ് സാവന്താണെന്ന് ജിഎഫ്പി നേതാവ് വിജയ സര്‍ദേശായി കുറ്റപ്പെടുത്തി.കൂടാതെ ജയേഷ് സാല്‍ഗവോങ്കര്‍ രാജിവെച്ചതോടെ 40 അംഗ ഗോവ നിയമസഭയുടെ കരുത്ത് 38 ആയി കുറഞ്ഞു. ജിഎഫ്പിയുടെ കരുത്ത് മൂന്നില്‍ നിന്നും രണ്ടായി മാറി.

നേരത്തെ കോണ്‍ഗ്രസ് എംഎല്‍എയായ ലുസീഞ്ഞൊ ഫലേറിയോയും രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ജിഎഫ്പി കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച യോഗത്തില്‍ ജയേഷ് സാല്‍ഗവോങ്കര്‍ വിട്ടുനിന്നിരുന്നു.

Related Articles

Latest Articles