Monday, October 26, 2026

കേരളത്തിൽ ബിജെപി എ ടീമായി മാറി !!!ബിജെപി വരുന്നതിനെ ഇരു മുന്നണികളും ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഡീൽ ആരോപണങ്ങളിൽ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ബിജെപി വരുന്നതിനെ ഇരു മുന്നണികളും ഭയക്കുന്നുവെന്നും ഇരു കൂട്ടരും മറച്ചുവച്ചത് പുറത്തുവരുമെന്ന് പേടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് വാഹനവ്യൂഹത്തിൽ അദ്ദേഹം കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ. ജങ്ഷൻ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. റോഡ് ഷോയ്ക്ക് ശേഷമാണ് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചത്.

അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം .

Related Articles

Latest Articles