Sunday, May 5, 2024
spot_img

മണിപ്പുരിൽ നടക്കുന്നത് ക്രിസ്ത്യൻ വേട്ടയാണെന്ന് വരുത്തി തീർക്കുവാനുള്ള ശ്രമം ആപൽക്കരം; തിരുവനന്തപുരത്ത് ഒരു യുവതി നടുറോഡിൽ നഗ്നയാക്കി പീഡിപ്പിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു? പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മണിപ്പുർ സംഘർഷങ്ങൾ ക്രിസ്ത്യൻ വേട്ടയാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം ആപൽക്കരവും അപഹാസ്യവുമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മണിപ്പൂരിലെ സംഘർഷങ്ങൾ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. യു പി എ ഭരണകാലത്ത് 772 സാധാരണക്കാർ അവിടെ കൊല്ലപ്പെട്ടു. എൻ ഡി എ കാലത്ത് കഴിഞ്ഞ ഒൻപത് വർഷവും സ്ഥിതി സമാധാനപരമായിരുന്നു. കലാപങ്ങളിലെ മരണനിരക്ക് 122 ആയി കുറയ്ക്കാൻ കഴിഞ്ഞു. മണിപ്പുരിൽ നടക്കുന്ന സംഘർഷങ്ങൾക്ക് ചരിത്രപരവും സാമൂഹികവും വംശീയവുമായ കാരണങ്ങളുണ്ടെന്നും കേരളത്തിലെ സ്ത്രീപീഡനങ്ങളെ കുറിച്ച് മൗനം പാലിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മണിപ്പുരിനെ കുറിച്ച് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

“മണിപ്പൂരിലേത് ക്രിസ്ത്യൻ വേട്ടയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആപൽക്കരവും അപഹാസ്യവുമാണ്.

മണിപ്പൂരിലെ വംശീയ സംഘർഷം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. അതിന് വളരെ വർഷക്കാലത്തെ പഴക്കമുണ്ട് 2004 – 2013 ലെ യുപിഎ ഭരണകാലയളവിൽ 772 പേർ കൊല്ലപ്പെട്ടപ്പോൾ ഒരക്ഷരം പോലും പ്രതിഷേധ സൂചകമായി ഉരിയാടാതിരുന്നവർ 2014 – 23 കാലത്തെ മോദി ഭരണകാലത്ത് മണിപ്പൂരിൽ 122 പേർ കൊല്ലപ്പെട്ടതിനെ പർവ്വതീകരിച്ച് കാണിക്കുന്നതിന്റെ ഗൂഢ ഉദ്ദേശ്യം വ്യക്തമാണ്. അവർക്ക് മണിപ്പൂരിൽ സമാധാനമല്ല മറിച്ച് സംഘർഷം രൂക്ഷമാക്കി വർഗ്ഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് ലക്ഷ്യം.

മണിപ്പൂരിൽ രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ചരിത്രപരവും സാമൂഹികവും വംശീയവുമായ കാരണകൾ ഉണ്ട്. പള്ളി ആക്രമിക്കപ്പെട്ടതിനാൽ ക്രിസ്ത്യൻ മത വിശ്വാസികൾക്കെതിരായ കലാപമായി ദുർവ്യാഖ്യാനം ചെയ്ത് ക്രൈസ്തവ സഹോദരങ്ങളിൽ ഭീതി വളർത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അക്രമത്തിനിരയായതിൽ ക്ഷേത്രങ്ങളുമുണ്ട്. എല്ലാ ഗോത്ര വംശങ്ങളിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്ന് ജീവിക്കുന്നു. ക്രൈസ്തവരും ഹിന്ദുക്കളും ചേരി തിരിഞ്ഞ് നടത്തുന്ന വർഗ്ഗീയ ലഹളയായി ചിത്രീകരിക്കുന്നതു കൊണ്ട് പിണറായി ലക്ഷ്യമിടുന്നത് കേരളത്തിലെ ക്രിസ്ത്യൻ വോട്ടാണ്. ഈ ചതിക്കുഴിയിൽ കേരളത്തിലെ ക്രൈസ്തവസഹോദരങ്ങൾ വീഴില്ലെന്നസാമാന്യ ബോധമെങ്കിലും മുഖ്യമന്ത്രിക്കുണ്ടാവണം.

മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കാൻ മുറവിളി കൂട്ടുന്ന മുഖ്യമന്ത്രി കേരളത്തിലെ നിരപരാധികളായ പീഡിതരും ദു:ഖിതരുമായ സഹോദരിമാരുടെ നിലവിളി കേൾക്കാതെപോകരുത്. കാമവെറി പൂണ്ടവരുടെ പീഡനവും അതിക്രമവും സഹിക്കവയ്യാതെ നിസഹായയായും വിവസ്ത്രയായും നിലവിളിച്ച് നടുറോഡിലൂടെ ഓടിപ്പോയ ഒരു യുവതിയുടെ ദയനീയ ദുരനുഭവം തിരുവനന്തപുരത്ത് നടന്നിട്ട് ഒരു മാസമായില്ല. വാളയാറിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയിട്ട അപമാനകരമായ സംഭവം മുഖ്യമന്ത്രി മറന്നു പോയോ? കഴിഞ്ഞ വർഷംമാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്ത്രീപീഡനക്കേസുകൾ 11000 ആണെന്ന് ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നു.
മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ചതിന്റെ പ്രധിഷേധക്കുറിപ്പ് എഴുതുമ്പോൾ കലാമണ്ഡലത്തിൽ വനിതാസംരക്ഷണ സെമിനാറിൽ പങ്കെടുക്കാൻ വന്ന അഞ്ചനാജോർജ്ജ് അപമാനിതയായി കണ്ണീരൊഴുക്കി സ്ഥലം വിടുകയായിരുന്നു. ഒരു ദിവസം 4-5 സ്ത്രീപീഡനമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തെക്കുറിച്ച് മിണ്ടാട്ടമില്ല. രാജസ്ഥാനിലും, ബംഗാളിലും, ജാർഖണ്ഡിലും സ്ത്രീകൾ വേട്ടയാടപ്പെടുന്നതിന്റെ ദുരന്തചിത്രങ്ങൾ മുന്നിലുള്ളപ്പോൾ മണിപ്പൂരിൽ മാത്രമെ സ്ത്രീപീഡനമുള്ളൂ എന്ന് വരുത്തിത്തീർക്കുന്ന മുഖ്യമന്ത്രിയുടെ ദുഷ്ടലാക്ക് ഏത് കൊച്ചുകുട്ടിക്കും മനസിലാകും. സ്ത്രീകളുടെ കണ്ണീർ വീണ് നനയുന്ന കേരളത്തിന്റെ മണ്ണിൽ നിന്നു കൊണ്ട് മണിപ്പൂരിലെ നിലവിളിയെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്ന കപടരാഷ്ട്രീയം ഇനിയെങ്കിലും മതിയാക്കണം”

Related Articles

Latest Articles