Saturday, May 4, 2024
spot_img

ചായ ഇഷ്ടമുള്ളവരാണോ? എങ്കിൽ അമിതമാക്കേണ്ട, ഗുണങ്ങളെക്കാൾ ഉപരി ദോഷം ചെയ്യും, അറിയേണ്ടതെല്ലാം

മനസ്സിനും ശരീരത്തിനുമൊക്കെ സന്തോഷം തരുന്ന ഒന്നാണ് ചായ. പക്ഷെ, എന്തും അധികമായാൽ നല്ലതല്ല, അത് ചായയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. ചായ അമിതമായി കുടിക്കുമ്പോള്‍ ഇത്തരത്തിൽചില ദോഷവശങ്ങളും അറിയേണ്ടതുണ്ട്.

ചായയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തിയാല്‍ ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. കൂടാതെ ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തില്‍ നിന്ന് വെള്ളം പുറന്തള്ളുന്നതിനും അതുവഴി നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നതിനും കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് കപ്പില്‍ കൂടുതല്‍ ചായ കുടിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മസാല ചായ പലരുടെയും ഫേവറേറ്റ് ആണ്. ചായയിലെ മസാലയുടെ കിക്ക് നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെങ്കിലും ഇത് അധികമായാല്‍ പ്രതികൂലമായി ബാധിച്ചേക്കാം. ഇഞ്ചി, ഗ്രാമ്പു, കറുവപ്പട്ട, ഏലക്ക, ജാതിക്ക, കറുവയില എന്നിവയാണ് സാധാരണ മസാല ചായയിലെ ചേരുവകള്‍. ഇവയെല്ലാം ശരീരത്തിന് ചൂട് നല്‍കുന്നവയാണ്. ഇത്തരം ചേരുവകള്‍ അമിതമായി ശരീരത്തിലെത്തിയാല്‍ വാത, പിത്ത, കഫ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. അതുകൊണ്ട് ചായയില്‍ മിതമായ അളവില്‍ മസാലകള്‍ ചേര്‍ക്കുന്നതാണ് നല്ലത്.

പലരുടെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ ചായ കുടിച്ചാണ്. പക്ഷെ, കാലിവയറ്റില്‍ ചായ കുടിക്കുന്നത് ശരീരത്തിലെ ചയാപചയം മന്ദഗതിയിലാക്കും. ഇത് ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചായ ഉണ്ടാക്കുന്നത് കാണുമ്പോള്‍ തന്നെ അതിന്റെ രുചി ആസ്വദിക്കാനാകുമെന്നാണ് പറയുന്നത്. മസാല ചായ തയ്യാറാക്കുമ്പോള്‍ ചിലര്‍ ചേരുവകള്‍ ഒരുപാടുനേരം തിളപ്പിക്കുന്നത് കാണാറുണ്ട്. എന്നാല്‍, ചായപ്പൊടിയും മറ്റ് ചേരുവകളും കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായക്ക് കയിപ്പ് രുചി കലരാന്‍ ഇടയാക്കും. ഇതുമൂലം അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

വയറ് നിറയെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചിലര്‍ ചായ കുടിക്കുന്നത് കാണാറുണ്ടല്ലേ? പക്ഷെ ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നതുകൊണ്ടുതന്നെ അത് ദഹനപ്രക്രിയയെ ബാധിക്കും. അതുകൊണ്ട് ഇതത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ, ടാന്നിനുകള്‍ ശരീരത്തിലെ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും ആഗിരണം തടസ്സപ്പെടുത്തുമെന്നതിനാല്‍ ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇടവേളയെടുത്തതിന് ശേഷമേ ചായ കുടിക്കാവൂ.

Related Articles

Latest Articles