Thursday, May 16, 2024
spot_img

“ഭഗവാന്റെ ഫണ്ടുകൾ സഹകരണ ബാങ്കുകളിലാണെന്ന് ഭയപ്പെടുന്നു; സത്യവാങ്മൂലം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം ആശ്വാസം നൽകുന്നു” ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് കേരളാ ഹൈക്കോടതി നിർദേശം നൽകിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ

കൊച്ചി : ഗുരുവായൂരപ്പന്റെ ധനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെ പറ്റി അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ കേരള ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ. എക്സ് പ്ലാറ്റ്‌ഫോം ഹാൻഡിലിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണമറിയിച്ചത്.

“ഗുരുവായൂരപ്പന്റെ ഫണ്ട് ദേവസ്വം ബോർഡ് കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയാണ് ഭക്തർ പ്രതീക്ഷിക്കുന്നത്. സമീപകാല സഹകരണ ബാങ്ക് തട്ടിപ്പുകൾ കാരണം ആശങ്കകൾ എക്കാലത്തെയും ഉയർന്ന നിലയിലാണ്, ഭഗവാന്റെ ഫണ്ടുകൾ സഹകരണ ബാങ്കുകളിലാണെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അടുത്ത ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദേശം ആശ്വാസം നൽകുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്. ഹർജിക്കാരനായ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാറിന്റെ അചഞ്ചലമായ നിയമ ശ്രമങ്ങൾക്ക് അദ്ദേഹം കുറിപ്പിൽ അഭിനന്ദനമറിയിക്കുകയും ചെയ്തു

ഗുരുവായൂർ ദേവസ്വത്തിലെ പണം ദേശസാൽകൃത ബാങ്കുകളിൽ മാത്രം നിക്ഷേപിക്കാൻ നിർദ്ദേശം നൽകണം. ദേവസ്വം വക സ്വത്ത് വകകൾ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സർവേ നടത്തണം എന്നിങ്ങനെയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹർജിക്കാരൻ നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തിൽ ( Statutory Audit ) ഹൈക്കോടതി സ്വമേധയാ (Suo Motu) എടുത്ത കേസും ( DBP No. 61/2023 ) ഈ കേസുമായി ലിങ്ക് ചെയ്യാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി

Related Articles

Latest Articles