Friday, May 17, 2024
spot_img

“6 ലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്കു മാറ്റിവച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖം തുറന്ന് കാണിക്കുന്നത്! ” സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഇത്തവണത്തെ ഓണക്കാലത്ത് കിറ്റ് വിതരണം പോലും കൃത്യസമയത്ത് പൂർത്തീകരിക്കാനാവാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 6 ലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്കു മാറ്റിവച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖം തുറന്ന് കാണിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

‘എല്ലാം ശരിയാക്കുമെന്നു പറ‍ഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കിയിരിക്കുകയാണ്. അതിദരിദ്രർക്ക് മാത്രം കൊടുക്കുന്ന കിറ്റ് വിതരണം പോലും കൃത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കി.

6 ലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്കു മാറ്റിവച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖം തുറന്ന് കാണിക്കുന്നു. വിപണിയിൽ ഇടപെടാതെ സർക്കാർ മാറിനിന്നതോടെ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാതെ ജനങ്ങൾ വീട്ടിലിരിക്കുന്ന അവസ്ഥയായി. പൊതുവിതരണ സംവിധാനങ്ങൾ പൂർണമായും തകർന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഒന്നും കിട്ടാനില്ല. പച്ചക്കറിക്ക് സ്വർണത്തേക്കാൾ വിലയായിരിക്കുകയാണ്.

വമ്പിച്ച വിലക്കയറ്റം മാർക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി. കച്ചവടക്കാരെയും കർഷകരെയും സർക്കാർ പിന്നിൽനിന്നു കുത്തുകയായിരുന്നു. മാസാവസാനം ഓണം വരികയാണെങ്കിൽ ശമ്പളവും പെൻഷനും നേരത്തേ നൽകുന്ന പതിവും ഇത്തവണ തെറ്റിച്ചു. സർക്കാർ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതിൽനിന്നു തടയാൻ സാധിച്ചു. മലയാളികൾ ഓണം ആഘോഷിക്കേണ്ടെന്നാണു സർക്കാരിന്റെ നിലപാട്. നാടിന്റെ സാംസ്കാരിക പൈതൃകങ്ങളോട് ഈ സർക്കാരിനുള്ള വിരോധം ഓണത്തോടും അവർ പ്രകടിപ്പിക്കുകയാണ് ’’– കെ. സുരേന്ദ്രൻ പറഞ്ഞു.

അതെസമയം കഴിഞ്ഞ വർഷം സംസ്ഥാനത്ത് 90 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകിയിരുന്നു. എന്നാൽ ഈ വർഷം മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമാണ് സർക്കാർ കിറ്റ് നൽകാൻ തീരുമാനിച്ചത്. അതിൽ തന്നെ വിതരണം പൂർത്തിയാക്കാൻ സാധിച്ചിട്ടുമില്ല. അതിനാൽ തന്നെ ഇന്ന് കൊണ്ട് വിതരണം പൂർത്തിയാക്കി മുഖം രക്ഷിക്കാനുള്ള ഓട്ടത്തിലാണ് സർക്കാർ. സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

Related Articles

Latest Articles