Thursday, May 2, 2024
spot_img

ഒവൈസിക്കെതിരെ ബിജെപിയുടെ വജ്രായുധം ! മുത്തലാക്കിനെതിരെയുള്ള ഉരുക്കു മുഖം ; ആരാണ് ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലത ?

ഹൈദരാബാദില്‍ ഒവൈസിക്കെതിരെ പോരാടുന്ന മാധവി ലത ആരാണ് ? ബിജെപിയുടെ മുഖമായി മാറിയ വനിത ഇക്കഴിഞ്ഞ മാര്‍ച്ച് 2 വരെ തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ അധികം അറിയപ്പെട്ടിരുന്ന ഒരാളായിരുന്നില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ഇടം നേടിയതോടെയാണ് ഈ പേരിനു പിന്നിലെ വ്യക്തിത്വത്തെ രാജ്യം തെരഞ്ഞു തുടങ്ങിയത്.

ഒവൈസിയുടെ കുത്തക മണ്ഡലത്തില്‍ പ്രതിയോഗിയായി പ്രഖ്യാപിച്ചതിനോട് ‘ധര്‍മ്മോ രക്ഷതി രക്ഷിതാഃ – ധര്‍മ്മം സംരക്ഷിക്കുന്നവരെ ധര്‍മ്മം സംരക്ഷിക്കുന്നു’ എന്നായിരുന്നു മാധവിയുടെ പ്രതികരണം. ഒവൈസിയുമായി തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ഏറ്റുമുട്ടുന്നതെങ്കിലും ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന് അഞ്ചു വര്‍ഷത്തെ പഴക്കമുണ്ട്. 2019-ല്‍ പാര്‍ലമെന്റ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം നിര്‍മ്മിച്ചതോടെയാണ് ഹൈദരാബാദിന്റെ തെരുവുകള്‍ കൊമ്പെല്ലാ മാധവി ലതയെ അടുത്തറിഞ്ഞത്. തല്‍ക്ഷണം മൊഴി ചൊല്ലി വനിതകളെ അനാഥകളാക്കുന്ന മുത്തലാഖിനെതിരായ പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു മാധവി ലത. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തിനെതിരായ നിര്‍ണായക എതിര്‍ശബ്ദങ്ങളിലൊന്നായിരുന്നു ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ നേതാവും നാല് തവണ പാര്‍ലമെന്റ് അംഗവുമായ അസദുദ്ദീന്‍ ഒവൈസി. അന്നു തുറന്നതാണ് ഇവര്‍ തമ്മിലുള്ള പോര്‍മുഖം.

മുത്തലാഖ് പ്രവര്‍ത്തക, ജീവകാരുണ്യ പ്രവര്‍ത്തക, സാസ്‌ക്കാരിക പ്രവര്‍ത്തക തുടങ്ങിയ ആക്ടിവിസത്തിനൊപ്പം ഹൈദരാബാദ് ആസ്ഥാനമായുള്ള വിരിഞ്ചി ഹോസ്പിറ്റല്‍സിന്റെ ചെയര്‍പേഴ്സണാണ് മാധവി ലത. രണ്ട് പതിറ്റാണ്ടോളം നീണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് മാധവി ലത തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നത്. നിസാം കോളേജില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദവും ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ മാധവി ലത അറിയപ്പെടുന്ന പ്രൊഫഷണല്‍ ഭരതനാട്യം നര്‍ത്തകിയുമാണ്. മാധവി ലതയുടെ ഭര്‍ത്താവ് വിശ്വനാഥാണ് വിരിഞ്ചി ആശുപത്രിയുടെ സ്ഥാപകനും ചെയര്‍മാനും. കൂടാതെ, ഒരു മത പ്രഭാഷക എന്ന നിലയിലും മാധവി അറിയപ്പെടുന്നു. ലോപാമുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ്, ലതാമ ഫൗണ്ടേഷന്‍ തുടങ്ങിയ നിരവധി ചാരിറ്റി സംഘടനകളുമായി മാധവി ലത ബന്ധപ്പെട്ടിരിക്കുന്നു. ഹൈദരാബാദില്‍ ബിജെപി മത്സരിപ്പിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ് ഈ 49കാരി. അതേസമയം, മുത്തലാഖിനെതിരായ ബിജെപിയുടെ പ്രചാരണത്തിന്റെ മുഖമായിരുന്നു മാധവി ലത. ഇന്ത്യാ ടിവിയെലെ ജനപ്രിയ ഷോയായ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് ദേശീയ തലത്തില്‍ തന്നെ അവരെ ശ്രദ്ധേയയാക്കി. ഈ പരിപാടി എല്ലാവരും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ട്വീറ്റ് ചെയ്തു.

ഒവൈസിയുടെ മണ്ഡലത്തില്‍ മാധവി ലതയുടെ പേര് അത്ഭുതപ്പെടുത്തിയെങ്കിലും താന്‍ വര്‍ഷങ്ങളായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധവി ലത പറയുന്നു. എല്ലാ ദിവസവും, ഞാന്‍ ആ പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ച് 11-12 മണിക്കൂര്‍ ജോലി ചെയ്യുന്നു. അവിടെ ഒന്നുമില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ശുചിത്വമില്ല, വിദ്യാഭ്യാസമില്ല, മദ്രസകളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. മുസ്ലീം കുട്ടികള്‍ ബാലവേലക്കാരാകുന്നു, അവര്‍ക്ക് ഭാവിയില്ല ഇങ്ങനെ ലതയുടെ പരാതികള്‍ അനവധിയാണ്. കൂടാതെ ഓള്‍ഡ് സിറ്റിയില്‍ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നു, എന്തുകൊണ്ടാണ് ഈ നഗരം ഇത്രയും ദയനീയമായ അവസ്ഥയിലായിപ്പോയത്…? തെലങ്കാനയും ആന്ധ്രാപ്രദേശും തമ്മില്‍ അവകാശത്തിനായി പോരാടിയ ഹൈദരാബാദിന്റെ ഹൃദയഭാഗമാണിത്. പക്ഷേ, സിറ്റിയുടെ ഹൃദയഭാഗത്ത് ദാരിദ്ര്യം വിട്ടു മാറുന്നില്ലെന്നും മാധവി ലത പറയുന്നു. ഒരു ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി 40 വര്‍ഷമായി ഒരു നിയോജക മണ്ഡലം സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ അത് ഏതു നിലയില്‍ എത്തിത്തീര്‍ന്നിരിക്കണം എന്ന് ആലോചിക്കാവുന്നതാണ്. ഇവര്‍ ഇനിയും മത്സരിക്കാനിറങ്ങാതെ റിട്ടയര്‍മെന്റ് എടുക്കണം. കാരണം, 21 ലക്ഷം വോട്ടര്‍മാരുടെ കണ്ണുനീര്‍ ഹൈദരാബാദില്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഈ ആളുകള്‍ക്ക് നീതി ലഭിക്കുമെന്നും മാധവി ലത പറയുന്നു.

Related Articles

Latest Articles