Saturday, May 4, 2024
spot_img

ചന്ദ്രനെ നോക്കി കുരയ്ക്കുന്നവരാണ് കോൺഗ്രസുകാരെന്ന് അനിൽ ആന്റണി ! അച്ഛനോട് സഹതാപം മാത്രം ! പത്തനംതിട്ടയിലെ രൂക്ഷപ്രതികരണം

പത്തനംതിട്ടയിൽ അനിൽ ആന്‍റണി തോല്‍ക്കുമെന്നും താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന എ കെ ആന്‍റണിയുടെ പ്രസ്താവനയ്‌ക്കെതിരെ അനിൽ ആന്‍റണി രംഗത്ത്. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും പത്തനംത്തിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണി പ്രതികരിച്ചു. പത്തനംതിട്ടയില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

” രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം പഴയ പ്രതിരോധ മന്ത്രിയാണ്. പാകിസ്ഥാനെ വെള്ള പൂശാൻ ശ്രമിച്ച ഒരു എംപിക്ക് വേണ്ടി സംസാരിച്ചപ്പോൾ എനിക്കു വിഷമമാണ് തോന്നിയത്. ജൂൺ നാലിനു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതു കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും. കോൺഗ്രസ് പഴയ കോൺഗ്രസല്ല. ഭാരതത്തെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളൂ. 15 വർഷമായി പത്തനംതിട്ടയിൽ വികസനം നടന്നിട്ടില്ല. വികസനമില്ലായ്മ മറച്ചുവയ്ക്കാൻ വേണ്ടി ആന്റോ ആന്റണി ജനങ്ങളെ കബളിപ്പിക്കുകയാണ്. തീവ്ര നിലപാടുകളുള്ള ചില വോട്ടുകൾക്ക് വേണ്ടി ആന്റോ ആന്റണി ഇന്ത്യയെ തള്ളിപ്പറഞ്ഞു. രാജ്യവിരുദ്ധമായ നയങ്ങൾ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിനെ ഇന്ത്യൻ ജനത ചവിറ്റുകൊട്ടയിലേക്ക് എറിഞ്ഞത്. 370ലധികം സീറ്റുകൾ ബിജെപി നേടും. ആന്റോ ആന്റണി പരാജയപ്പെടും. ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസിനു പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ല.

പത്തനംതിട്ടയിൽ ആരൊക്കെ വന്നാലും ഒന്നും നടക്കില്ല. ഇതിനുമുൻപ് തിരുവല്ല മണ്ഡലത്തിലെ എംപിയായിരുന്ന പി.ജെ.കുര്യനും പത്തനംതിട്ടയുടെ വികസനമില്ലായ്മയുടെ കാരണക്കാരനാണ്. രാഹുൽഗാന്ധി കോൺഗ്രസിനെ വളർത്തി വളർത്തി പാതാളത്തിലെത്തിച്ചു. കാലഹരണപ്പെട്ട നേതാക്കളാണ് കോൺഗ്രസിലുള്ളത്. കോൺഗ്രസ് ഒരു കുടുംബത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്.” – അനിൽ ആന്റണി പറഞ്ഞു.

കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാടെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആ ഭാഷ തനിക്ക് വശമില്ലെന്നും എ കെ ആന്റണി രാവിലെ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും എ കെ ആന്‍റണി കൂട്ടിച്ചേർക്കുകയും ചെയ്തു. പിന്നാലെയാണ് അനിലിന്റെ പ്രതികരണം.

Related Articles

Latest Articles