തുർക്കി : വടക്കൻ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ സ്ഫോടനം . 25 പേർ കൊല്ലപ്പെടുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് . കരിങ്കടൽ തീരത്തുള്ള അമസ്രയിലെ ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. ഇവിടെ നിന്നും 11 പേരെ രക്ഷപ്പെടുത്തിയതായും ഇവർ ചികിത്സയിലാണെന്നും തുർക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിൻ കോക്ക അറിയിച്ചു.
110 ഓളം പേർ ഖനിയിൽ ജോലി ചെയ്യുന്ന സമയത്താണ് സ്ഫോടനം നടക്കുന്നത് .അവരിൽ പകുതിയോളം പേരും 300 മീറ്റർ ആഴത്തിലാണ് ഉണ്ടായിരുന്നത്. കൽക്കരി ഖനികളിൽ കാണപ്പെടുന്ന ഫയർഡാമ്പ് മൂലമാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് മന്ത്രി ഫാത്തിഹ് ഡോൺമെസ് പറഞ്ഞു.
ഖനിയുടെ പ്രവേശന കവാടത്തിന് 300 മീറ്റർ (985 അടി) താഴെയാണ് സ്ഫോടനം ഉണ്ടായതെന്ന് ബാർട്ടിൻ ഗവർണറുടെ ഓഫീസ് അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ടർക്കിഷ് ഹാർഡ് കോൾ എന്റർപ്രൈസസിന്റേതാണ് ഖനി. അപകടത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

