Monday, April 29, 2024
spot_img

ശ്രീലങ്കന്‍ സ്‌ഫോടനം: മരണസംഖ്യ 200 കടന്നു; മരിച്ചവരില്‍ നാല് ഇന്ത്യക്കാരും;അഞ്ഞൂറോളം പേര്‍ക്ക് പരിക്ക്

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ 200 കടന്നു. സ്ഫോടനങ്ങളിൽ 290 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു.

അ‍ഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 36 പേർ വിദേശികളാണ്. മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിനിയുമുണ്ട്. കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്.

ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനൽ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവർ മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

എൽടിടിഇ കാലത്തെ ആഭ്യന്തര സംഘർഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. സംഭവത്തിൽ എട്ടു പേർ അറസ്റ്റിലായെന്നും തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. പിടിയിലായവരെല്ലാം സ്വദേശികളാണ്. എന്നാല്‍ ആക്രമണങ്ങള്‍ക്കു പിന്നിൽ വിദേശബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് കർശന നിർദേശമുണ്ട്.

കൊളംബോയിലെ ഹൗസിങ് കോംപ്ലക്സിലാണ് എട്ടാമത്തെ സ്ഫോടനം. ഇവിടെ മൂന്നു പൊലീസുകാര്‍ മരിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെത്തുടർന്ന് രാജ്യത്ത് വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. നിരോധനാജ്ഞ എന്നു വരെ തുടരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ രാജ്യത്ത് താൽക്കാലികമായി നിരോധിച്ചു.

Related Articles

Latest Articles