Monday, September 21, 2026

കശ്മീരി വിഘടനവാദികള്‍ക്ക് ഐക്യദാർഢ്യം: ഹ്യുണ്ടായ്ക്ക് പിന്നാലെ വെട്ടിലായി കിയ മോട്ടോഴ്‌സും

പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹ്യുണ്ടായ്ക്ക് പിന്നാലെ വെട്ടിലായി കിയ മോട്ടോഴ്‌സും(Kia Motors). ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ നിന്ന് വിഘടിപ്പിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാദമുണ്ടായതിന് പിന്നാലെ, കിയ മോട്ടോർസ് കോർപ്പറേഷനും പാകിസ്ഥാനിലെ ഹൈദരാബാദിലെ ഡീലറുടെ പേരിൽ പ്രശ്‌നത്തിലായിരിക്കുകയാണ്. സമാനമായ ഒരു പോസ്റ്റാണ് ഈ കമ്പനിയുടെ പേരിലും വന്നിരിക്കുന്നത്. ഒരു ട്വീറ്റിൽ, പാകിസ്ഥാനിലെ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന കിയ ക്രോസ്‌റോഡ്‌സ് ഷോറൂം, കാശ്മീർ ദിനം എന്ന് വിളിക്കപ്പെടുന്നതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്യുകയും അത് കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു.

“ഞങ്ങൾ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഒറ്റക്കെട്ടായി നിലകൊള്ളുന്നു. #KashmirDay #5Feb,” കിയ മോട്ടോഴ്‌സ് ശനിയാഴ്ച ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഇപ്പോൾ കിയ മോട്ടോഴ്സിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്.

നേരത്തേ ഹ്യുണ്ടായ് പാകിസ്താന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ വിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി . ”കശ്മീരി സഹോദരന്മാരുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം”-എന്നാണ് ഹ്യുണ്ടായി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. കശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാര്‍മികതക്കൊപ്പം നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വേദനിപ്പിക്കുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഭവനമാണ് ഇന്ത്യ. ഇത്രത്തോളം വൈകാരികമായ പ്രതികരണങ്ങളോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കുന്നില്ല. അത്തരം വീക്ഷണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു”- ഹ്യുണ്ടായി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഉണ്ടായത്. തുടര്‍ന്ന് കമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഹ്യുണ്ടായ് കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കില്‍ രാജ്യം വിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles