ലക്‌നൗ: തെരഞ്ഞെടുപ്പ് ആവേശത്തിൽ യുപി(UP Elections). ഏവരും ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് യുപിയിലേത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ പ്രചാരണത്തിനായി എത്തുന്നുമുണ്ട്. അതേസമയം സംസ്ഥാനത്ത് ബിജെപി പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പത്രിക പുറത്തിറക്കുക.
കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദര സൂചകമായി പത്രിക പുറത്തിറക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
യുപിയിലെ വികസന പ്രവർത്തന പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതായിരിക്കും പ്രകടനപത്രികയെന്നാണ് സൂചന. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സമഗ്ര പ്രകടന പത്രികയാകും ഇന്ന് ബിജെപി പുറത്തിറക്കുക.
യുപിയുടെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക. അതേസമയം, ബിജെപി പ്രകടപത്രിക പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ തങ്ങളുടെ പ്രകടനപത്രിക പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിലപാട്.

