സമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും നല്‍കി ആണ്‍കുട്ടികളെ കെണിയില്‍ വീഴ്‌ത്തി ലക്ഷങ്ങള്‍ തട്ടിയ ഉത്തരേന്ത്യന്‍ സംഘം പോലീസ് പിടിയിൽ. വല്ലഭ് പട്ടീദാര്‍ (23), അശോക് (26), നിലേഷ് (19) എന്നിവരെയാണ് അവരുടെ സ്വദേശമായ രാജസ്ഥാനിലെ ദുര്‍ഗാപ്പുരില്‍ നിന്നു സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ നല്‍കി സൗഹൃദമുണ്ടാക്കിയ ശേഷം സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
ഓണ്‍ലൈന്‍ പഠനത്തിനും മറ്റുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്ബോള്‍ പോപ്-അപ് രീതിയില്‍ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ കണ്ടു കൂടുതല്‍ വിവരങ്ങള്‍ തേടിയ കേരളത്തില്‍ കുട്ടികളാണു സംഘത്തിന്റെ ഇരകളായത്. സംസ്ഥാനത്ത് ഒട്ടേറെപ്പേര്‍ തട്ടിപ്പിന് ഇരയായെന്നു കേരള പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയില്‍ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

